കേറിവാടാ മക്കളേ… കുട്ടികള്‍ വീണ്ടും ക്ലാസ് മുറിയിലേക്ക്; പ്രവേശനോത്സവം ആഘോഷമാക്കാനൊരുങ്ങി വിദ്യാലയങ്ങള്‍
പേരാമ്പ്ര: കൊവിഡ് അതിജീവനത്തിന് ശേഷമുള്ള പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ പൊതു-എയ്ഡഡ്-സ്വകാര്യ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്വീകരിക്കാന്‍ വര്‍ണാഭമായ ഒരുക്കങ്ങളാണ് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള എല്‍ പി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള സ്‌കൂളുകളില്‍ നടത്തിയത്.
ജില്ലയില്‍ ആകെയുള്ള 1270 വിദ്യാലയങ്ങളില്‍ പുതിയതായി 86498 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇതടക്കം ആകെ 362767 കുട്ടികളാണ് പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്. ജില്ലയിലാകെ 18752 കുട്ടികള്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടി. ഇതില്‍ 4771 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും, 12656 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലും 1325 കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത്.
കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്ന് പഠിക്കും.
സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. സ്‌കൂള്‍ പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കലും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. പന്ത്രണ്ട് മുതല്‍ 14 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനായി നടത്തിയ ക്യാമ്പ് ജില്ലയിലെ പരമാവധി കുട്ടികള്‍ പ്രയോജനപ്പെടുത്തി. ജില്ലയില്‍ സൗജന്യ കൈത്തറി യൂണിഫോം വിതരണം പൂര്‍ത്തിയായി വരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണവും പൂര്‍ത്തിയായി.
കോവിഡില്‍ നിന്ന് പൂര്‍ണമായി മുക്തി നേടാത്ത സാഹചര്യത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത്. കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാനിറ്റൈസറും കൈവശം വെക്കണം. ഭക്ഷണം പങ്കുവെക്കാന്‍ പാടില്ല.
കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുക. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മാങ്കാവ് കച്ചേരിക്കുന്ന് ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. ഇതേ സമയം തന്നെയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുക.