ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നു, പുത്തൂർ ഹയർസെക്കണ്ടറി സ്കൂളിൽ പക്ഷെ ശിവാനി ഇല്ല; ഓർമ്മക്കുറിപ്പുമായി സ്കൂളിലെ അധ്യാപകൻ


വടകര: ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും സ്കൂൾ തുറന്നു. പുത്തൂർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ളസ് വൺ ക്ളാസിൽ പക്ഷെ ശിവാനി ഇല്ല. കഴിഞ്ഞ ദിവസം വൈക്കിലിശ്ശേരിയിൽ അന്തരിച്ച പതിനാറുകാരി ശിവാനി എസ്സിനെ കുറിച്ച് സ്കൂളിലെ അധ്യാപകൻ ആർ ഷിജു ഓർമ്മിക്കുന്ന കുറിപ്പ് ഏവരുടേയും കണ്ണ് നനയിക്കുന്നു.നമ്മുടെ സ്കൂൾ ഇന്ന് തുറക്കുകയാണ്. നീയില്ലാത്ത സ്കൂളിലേക്ക്,നീയില്ലാത്ത ക്ലാസിലേക്ക്,നീയില്ലാത്ത ലൈബ്രറിയിലേക്ക് എങ്ങനെ കയറും എന്നറിയാത്ത ഒരുകൂട്ടം കുട്ടികളും ഞങ്ങൾ അധ്യാപകരും ഇന്നവിടെ എത്തുന്നുണ്ട്. ആ നിമിഷങ്ങൾ എങ്ങനെ മറികടക്കുമെന്നൊരു വിറയൽ എന്നെ പൊതിയുന്നുണ്ട് എന്നിങ്ങനെയാണ് കുറിപ്പ് തുടങ്ങുന്നത്.

സ്കൂൾ ലൈബ്രറിയിൽ നടന്ന വായന സംവാദത്തിൽ ശിവാനി സംസാരിക്കുന്ന ചിത്രവും അധ്യാപകൻ ഈ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിശബ്ദ സഞ്ചാരങ്ങൾ എന്ന ബെന്യാമിന്റെ നോവലിനെക്കുറിച്ചാണ് ശിവാനി അന്ന് സംസാരിച്ചത്. പുതുതായി ഒരിടത്ത് വന്നതിന്റെ അമ്പരപ്പോ അങ്കലാപ്പോ ഇല്ലാതെ, എത്ര കൃത്യതയോടെയാണ് അവൾ സംസാരിച്ചത്! വലിയ സ്വപ്നങ്ങളും അതിനു ലക്ഷ്യബോധവും തെളിഞ്ഞ നിലപാടുകളും അതിനെല്ലാം അപ്പുറം വളരെ പെട്ടെന്ന് കൂട്ടുകൂടുന്ന സ്നേഹവുമായിരുന്നു ഞങ്ങളുടെ ശിവാനിയെന്നും അധ്യാപകൻ ഷിജു തന്റെ കുറിപ്പിൽ പറഞ്ഞു വയ്ക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം

ശിവാനി ,
നമ്മുടെ സ്കൂൾ ഇന്ന് തുറക്കുകയാണ്. നീയില്ലാത്ത സ്കൂളിലേക്ക്,നീയില്ലാത്ത ക്ലാസിലേക്ക്,നീയില്ലാത്ത ലൈബ്രറിയിലേക്ക് എങ്ങനെ കയറും എന്നറിയാത്ത ഒരുകൂട്ടം കുട്ടികളും ഞങ്ങൾ അധ്യാപകരും ഇന്നവിടെ എത്തുന്നുണ്ട്. ആ നിമിഷങ്ങൾ എങ്ങനെ മറികടക്കുമെന്നൊരു വിറയൽ എന്നെ പൊതിയുന്നുണ്ട്. ഈ ഫോട്ടോയും വീഡിയോയും ഞാൻ പകർത്തുമ്പോൾ ശിവാനി സ്കൂളിൽ വന്നിട്ട് ഏതാനും ദിവസങ്ങളെ ആവുന്നുണ്ടായിരുന്നുള്ളൂ. എന്നിട്ടും പുതുതായി ഒരിടത്ത് വന്നതിന്റെ അമ്പരപ്പോ അങ്കലാപ്പോ ഇല്ലാതെ, എത്ര കൃത്യതയോടെയാണ് അവൾ സംസാരിച്ചത്! സ്കൂൾ ലൈബ്രറിയിൽ നടന്ന വായന സംവാദത്തിന്റെ ചിത്രമാണിത്. സന്തോഷത്തിന്റെ നിമിഷങ്ങളിൽ നാം പകർത്തുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും വേദന പകരുന്ന ഓർമ്മകളായിത്തീരുന്ന നിമിഷങ്ങൾ കാത്തിരിക്കുന്നുണ്ട്. പക്ഷേ ശിവാനീ, നിൻറെ ഫോട്ടോകൾ കാണുമ്പോൾ ഒരു നാടിനും സ്കൂളിനും കരച്ചിൽ വരുന്ന ആ നിമിഷത്തിലേക്ക് ഇത്ര നേരത്തെയുള്ള യാത്ര നീ അർഹിച്ചിരുന്നില്ല കുട്ടീ. വലിയ സ്വപ്നങ്ങളും അതിനു ലക്ഷ്യബോധവും തെളിഞ്ഞ നിലപാടുകളും അതിനെല്ലാം അപ്പുറം വളരെ പെട്ടെന്ന് കൂട്ടുകൂടുന്ന സ്നേഹവുമായിരുന്നു ഞങ്ങളുടെ ശിവാനി.ആഴത്തിലുള്ള വായനയായിരുന്നു ശിവാനി. നിശബ്ദ സഞ്ചാരങ്ങൾ എന്ന ബെന്യാമിന്റെ നോവലിനെക്കുറിച്ചാണ് ശിവാനി അന്ന് സംസാരിച്ചത്. നേഴ്സുമാരുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയ ഒരു കൃതി എന്നും അത് വായിച്ചതിൽ പിന്നെ നഴ്സുമാരോട് സർവത്ര ആദരവാണെന്നും ശിവാനി പറയുന്നുണ്ട്. ശിവാനി അതീവ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞത് വാ ഫെസ്റ്റിന്റെ തിരക്കുകൾക്കിടയിലാണ്. വിവരമറിഞ്ഞ രാത്രി തന്നെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചെന്നു. ന്യൂറോ ഐസിയുവിന്റെ ചില്ലുവാതിൽ നീക്കി, ചേതനയറ്റ്, നഴ്സുമാരുടെ സ്നേഹ പരിചരണങ്ങളിൽ കിടക്കുകയായിരുന്നു അവൾ. പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി ശിവാനി പോയി. സ്കൂളിലേക്ക് ഇറങ്ങുകയാണ്. ഒട്ടും മനസ്സ് വരുന്നില്ല, പക്ഷേ നീയില്ല നിറഞ്ഞ നിമിഷം മുതൽ കരഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ ക്ലാസിലെ കുട്ടികളെക്കുറിച്ച് നിരവധി രക്ഷിതാക്കൾ ഫോണിലൂടെ പറയുന്നുണ്ട്. അവർ ഇന്ന് വരുന്നുണ്ട്. പോവാതെ പറ്റില്ല. പോയി വരാം.

also read: https://vatakara.news/s-shivani-passed-away/