അരിക്കുളത്ത് ഫോട്ടോ എടുക്കാനായി കുട്ടിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം വീട്ടിലെത്തിയ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പുറക്കാട് ശാന്തി സദനം സ്‌കൂള്‍
കൊയിലാണ്ടി: ഫോട്ടോ എടുക്കാനായി ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം കുരുടിമുക്കിലെ വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടി പഠിക്കുന്ന സ്‌കൂള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പുറക്കാട്ടെ ശാന്തി സദനം സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കുരുടിമുക്ക് കറുത്തേടത്ത് മീത്തല്‍ സാബത്തിന്റെ മകള്‍ ഫാത്തിമ ഷെറിനെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നംഗം സംഘം ഓമ്‌നി വാനില്‍ വീട്ടിലെത്തിയത്. കുട്ടിക്ക് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിട്ടില്ലെന്നും ഇതിന് ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോം ധരിപ്പിച്ച് തങ്ങള്‍ക്കൊപ്പം വിടണമെന്നും കുട്ടിയുടെ ഉമ്മയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഉമ്മ സ്‌കൂളിലെ അധ്യാപികയെ ഫോണ്‍ വിളിച്ച് വിവരം അന്വേഷിച്ചു. ഐ.ഡി കാര്‍ഡുമായി ബന്ധപ്പെട്ട് ആരെയും അയച്ചില്ല എന്നായിരുന്നു അധ്യാപികയുടെ മറുപടി. ഇതിനിടയില്‍ അമളി മനസിലാക്കിയ സംഘം വാഹനവുമായി കടന്നുകളയുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോകാനാണ് സംഘമെത്തിയത് എന്ന സംശയം ഇതോടെ ഉയര്‍ന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ശാന്തി സദനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മായ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തട്ടിക്കൊണ്ട് പോകാനാണോ സംഘം എത്തിയത് എന്ന കാര്യം ഉറപ്പിക്കാന്‍ കഴിയില്ല. കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കാനെത്തിയ സംഘമാണോ ഇതെന്ന് സംശയമുണ്ടെന്നും മായ ടീച്ചര്‍ പറഞ്ഞു.
‘ഈ കുട്ടിയുടെ വിളിപ്പേരാണ് എല്ലാവര്‍ക്കും പരിചിതം. എന്നാല്‍ വീട്ടിലെത്തിയ സംഘം രേഖകളിലുള്ള പേരാണ് പറഞ്ഞത്. കുട്ടിയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം എവിടെ നിന്നോ ശേഖരിച്ചതാണ് എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. മാത്രമല്ല, കുട്ടിയെ യൂണിഫോം ധരിപ്പിച്ച് വിടാനാണ് പറഞ്ഞത്. തട്ടിക്കൊണ്ട് പോകാനായിരുന്നെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ.’ -മായ ടീച്ചര്‍ പറഞ്ഞു.
‘സ്‌കൂളില്‍ നിന്ന് കുട്ടികളുടെ വീടുകളിലേക്ക് ഒരാവശ്യത്തിനും ആരെയും അയക്കാറില്ല. സ്‌കൂളുമായി ബന്ധമില്ലാത്തവരെ ഒരു കാരണവശാലും അയക്കില്ല. അഥവാ വീട്ടിലേക്ക് ആളെ അയക്കുകയാണെങ്കില്‍ ആരെയാണ് അയക്കുന്നത് എന്തിനാണ് അയക്കുന്നത് എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമായി മുന്‍കൂട്ടി അറിയിക്കും. കോവിഡ് സമയത്ത് റിലീഫ് സാധനങ്ങള്‍ കുട്ടികളുടെ വീടുകളില്‍ വിതരണം ചെയ്യാനാണ് അവസാനമായി കുട്ടികളുടെ വീടുകളിലേക്ക് സ്‌കൂള്‍ ആളെ അയച്ചത്. എല്ലാവര്‍ക്കും അറിയാവുന്ന സ്‌കൂളിലെ ജീവനക്കാര്‍ തന്നെയാണ് അന്ന് പോയത്.’ -മായ ടീച്ചര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇപ്പോല്‍ വീട്ടിലെത്തിയ സംഘത്തിന്റെ ഉദ്ദേശം തട്ടിക്കൊണ്ട് പോകലാണോ അതോ കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യാനാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനായി പൊലീസ് സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്നും മായ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.