എടച്ചേരിയിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്ക്


എടച്ചേരി: സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്കേറ്റു. രാവിലെ 8 മണിയോടെയായിരുന്നു അപകടം.

കളിയാംവെള്ളി പാലത്തിന് സമീപം വച്ച് സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓർക്കാട്ടേരി എം എം ഓർഫണേജ് ഇം​ഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ വിദ്യാർത്ഥികളുമായി ഓർക്കാട്ടേരിയിലേക്ക് പോവുകയായിരുന്നു സ്കൂൾ ബസ്.

അപകടം നടന്നയുടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവറേയും ഒരു വിദ്യാർത്ഥിയേയും അല്പം പണിപ്പെട്ടാണ് പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരുടേയും പരിക്ക് ​ഗുരുതരമല്ലെന്ന് എടച്ചേരി പഞ്ചായത്തം​ഗം ടികെ ബാബു വടകര ഡോട് ന്യൂസിനോട് പറഞ്ഞു.