മൊബൈൽ ഫോൺ റീചാർജിംഗിന്റെ പേരിൽ തട്ടിപ്പ്, ലിങ്കിൽ തൊടരുത്; മുന്നറിയിപ്പുമായി പോലിസ്


തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജിംഗ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കുമുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടർന്ന് റീചാർജിംഗിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതാണ് രീതി. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങളിൽ ജനങ്ങൾ വീണുപോകരുതെന്ന് പൊലീസ്.

സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വൻ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും.

ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കണം.

Description: Scam in the name of mobile phone recharge, don’t touch the link