പകല്‍വീടുകള്‍ ഇനി സായംപ്രഭ ഹോമുകള്‍; പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വയോജന സംഗമവും ചക്കിട്ടപാറയില്‍ നടന്നു
പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പകല്‍വീടുകള്‍ സ്വയംപ്രഭാ ഹോമുകളാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയാണ് ഉദ്ഘാടനം ചെയ്തത്.
ചക്കിട്ടപാറ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, ബാലുശ്ശേരി, ചേമഞ്ചേരി, കക്കോടി, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ പകല്‍ വീടുകളാണ് പദ്ധതി പ്രകാരം സായംപ്രഭ ഹോമുകളായി ഉയര്‍ത്തിയത്. വയോജനങ്ങള്‍ക്കു പകല്‍ സമയങ്ങളില്‍ ഒത്തുചേരാന്‍ സായംപ്രഭാ ഹോമുകള്‍ പ്രയോജനപ്പെടും. വിവിധ ആരോഗ്യ വിനോദ സേവനങ്ങളും ഇവിടെ ലഭ്യമാക്കും. സായംപ്രഭ ഹോമുകളിലേക്ക് ഫര്‍ണിച്ചറുകളും ടി.വിയും വിനോദത്തിനുള്ള സംവിധാനങ്ങളും നല്‍കി. 28 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.
പരിപാടിയുടെ ഭാഗമായി നടന്ന വയോജന സംഗമത്തില്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പ്രോഗ്രാം ഓഫീസര്‍ പി.സി.ഫൈസല്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, കെ.എ.ജോസുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന്‍ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രേഷ്മ നന്ദിയും പറഞ്ഞു.