”ലോകത്തിലെ വ്യത്യസ്തമായ അനുഭവത്തിലൂടെ അതിവേഗം സഞ്ചരിക്കുകയാണ് ഈ മുയിപ്പോത്തുകാരി രാധമ്മ”; പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വീട്ടമ്മയെ ആദരിച്ച് നിരപ്പംകുന്നിലെ സത്യന്‍ ഗ്രന്ഥാലയം



ചെറുവണ്ണൂര്‍
: വാര്‍ദ്ധക്യത്തെ മനോഹരമാക്കാന്‍ വായനയ്ക്ക് സാധിക്കും എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത രാധമ്മ ഇന്ന് ആദരവിന്‍െയും അനുമോദനത്തിന്‍െയും നടുവിലാണ്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നിരപ്പം സത്യന്‍ ഗ്രന്ഥാലയം പൊന്നാടയും മൊമന്റോയും നല്‍കി ആദരിക്കാനായി തിരഞ്ഞെടൂത്തത് ഒരു സാധാരണ വീട്ടമ്മയെയാണ്, വായനശാലയില്‍ നിന്നും പതിവായി പുസ്തകങ്ങളെടുത്ത് വായനയുടെ ലോകത്ത് നിറസാന്നിദ്ധ്യമായി മാറിയ നിരപ്പത്തിന്മേല്‍ രാധാമ്മയെ. അപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിക്കാവുന്ന ആദരവ്.

പുസ്തകങ്ങളിലൂടെയുള്ള നിരന്തര സഞ്ചാരമാണ് രാധാമ്മയുടെ ജീവിതം. അതിന് സമയമോ സ്ഥലമോ ഒന്നും തടസമേയല്ല. വായിക്കുക എന്നത് ജീവിത ദൗത്യമായി കൊണ്ടു നടക്കുകയാണവര്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാധമ്മ ലോകത്തിലെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അതിവേഗം സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു പക്ഷേ അധികമാര്‍ക്കും സാധ്യമാകാത്തതിനെ സാധിച്ചെടുക്കാനുള്ള പരിശ്രമത്തിലാണവര്‍.
വായനയെ മരിക്കാതെ പിടിച്ച് നിര്‍ത്തുന്നത് രാധാമ്മയെ പോലുള്ള മനുഷ്യരാണ്. ഒരു ഗ്രന്ഥാലയത്തിലേക്ക് നിരന്തരം വരികയും കൈ നിറയെ പുസ്തകങ്ങളുമായി തിരിച്ചുപോവുകയും അതൊക്കെ വായിച്ചു തീര്‍ക്കുകയും ചെയ്യുക എന്നത് ഈ പ്രായത്തില്‍ അത്ഭുതം തന്നെ.[mid]

മുയിപ്പോത്ത് നിരപ്പംകുന്നിലെ സത്യന്‍ ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത കവയത്രിയും അദ്ധ്യാപികയുമായ കെ പി സീന വായനാദിനസന്ദേശം നല്‍കുകയും രാധമ്മയ്ക്ക് പുസ്തകങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. പ്രായത്തിന്റെ അവശതകള്‍ വായനയ്ക്ക് യാതൊരു തരത്തിലും തടസ്സമാകുന്നില്ലെന്നും വായനയിലൂടെ ജീവിതത്തില്‍ പുതിയ ഒരു ഉണര്‍വ്വ് കൈവന്നതായും രാധമ്മ ചടങ്ങില്‍ പറഞ്ഞു.
വി.സുധീഷ്മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സതീഷ്.കെ.എം സ്വാഗതവും, പ്രമോദ് മച്ചലത്ത് നന്ദിയും രേഖപ്പെടുത്തി.
ആംസിസ് മുഹമ്മദ്, ശ്രീജിത്ത്.പി, ശ്രീധരന്‍,പി.സി പ്രേമന്‍, പി.പി നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥാലയം വീടുകളിലേക്ക്
എന്ന പരിപ്പാടിയുടെ ആദ്യ പുസ്തക വിതരണം സന്ധ്യാ ശ്രീജിത്തിന് പുസ്തകം നല്‍കിക്കൊണ്ട് പി.ദിനേശന്‍ നിര്‍വഹിച്ചു.