‘പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലകളും കൃത്യതയോടെ നിറവേറ്റി, അതിനു ലഭിച്ച അംഗീകാരമായി കെ.പി.സി.സി അംഗത്വത്തെ കാണുന്നു’- പേരാമ്പ്രയില്‍ നിന്ന് കെ.പി.സി.സി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സത്യന്‍ കടിയങ്ങാട് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലകളും സത്യസന്ധമായി ഏറ്റെടക്കുകയും കൃത്യതയോടെ നിറവേറ്റുകയും ചെയ്യാറുണ്ട്. അതിനുള്ള അംഗീകാരമായാണ് കെ.പി.സി.സി അംഗത്വം ലഭിച്ചതെന്ന് കരുതുന്നതായി സത്യന്‍ കടിയങ്ങാട് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വളരെ പ്രഗല്‍ഭരിരുന്ന സീറ്റാണ് കെ.പി.സി.സിയുടേത്. ആ ജനറല്‍ ബോഡിയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒരവസരം ലഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ഇനിയും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടുപേരില്‍ പുതുമുഖമാണ് സത്യന്‍ കടിയങ്ങാട്. മറ്റൊരാള്‍ കെ.ബാലനാരായണനാണ്. 282 ബ്ലോക്ക് പ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 315 അംഗങ്ങളാണ് പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയിലുള്ളത്.

സത്യന്‍ കടിയങ്ങാടിന് പുറമേ നാല് പുതുമുഖങ്ങളാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് പട്ടികയിലുള്ളത്. ആദം മുല്‍സി, വിദ്യ ബാലകൃഷ്ണന്‍, സി.വി. കുഞ്ഞികൃഷ്ണന്‍, ഹബീബ് തമ്പി എന്നിവരാണ് പുതുമുഖങ്ങള്‍. കൊയിലാണ്ടിയില്‍ നിന്ന് പി.രത്നവല്ലിയും പയ്യോളി ബ്ലോക്കിനെ പ്രതിനിധീകരിച്ച് മഠത്തില്‍ നാണുവാണ് കെ.പി.സി.സിയിലെത്തിയിരിക്കുന്നത്.

കെ.പി.സി.സിയിലെത്തുമെന്ന് പ്രതീക്ഷിച്ച പല മുതിര്‍ന്ന നേതാക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നേരത്തേ കൊയിലാണ്ടിയില്‍ നിന്നുള്ള യു.രാജീവന്‍ മാസ്റ്റര്‍, എന്‍.പി.മൊയ്തീന്‍, വി.ടി.സുരേന്ദ്രന്‍ എന്നിവര്‍ കെ.പി.സി.സിയില്‍ ഉണ്ടായിരുന്നു. ഇതില്‍ രാജീവന്‍ മാസ്റ്ററും എന്‍.പി.മൊയ്തീനും ഇന്ന് ജീവിച്ചിരിപ്പില്ല. നിലവില്‍ കെ.പി.സി.സി അംഗമായിരുന്ന വി.ടി.സുരേന്ദ്രനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജില്ലയില്‍ നിന്ന് 26 അംഗങ്ങളാണ് കെ.പി.സി.സിയിലുള്ളത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം വ്യാഴാഴ്ചയാണ് ചേര്‍ന്നത്. സത്യന്‍ കടിയങ്ങാടും കെ.ബാലനാരായണനും ഉള്‍പ്പെടെ എല്ലാ അംഗങ്ങളും തിരുവനന്തപുരത്താണ് ഉള്ളത്.

കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കെ.പി.സി.സി ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. കെ.സുധാകരന്‍ തന്നെ പ്രസിഡന്റായി തുടരാനാണ് നിലവിലെ ധാരണ.

കെ.പി.സി.സി പ്രസിഡന്റിനു പുറമെ കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരെയും ഹൈക്കമാന്റിന് തീരുമാനിക്കാം എന്ന് പ്രമേയത്തില്‍ പറയുന്നു. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എം.പി, കെ.സി.ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എം.ഹസന്‍ തുടങ്ങിയവര്‍ പിന്‍താങ്ങി.

summary: sathyan kadiyangad, who was elected as KPCC member, speaks to perambra news.com