പേരാമ്പ്രയിൽ നിന്ന് പുതുമുഖമായി സത്യൻ കടിയങ്ങാട്, കെ.ബാലനാരായണനെ നിലനിർത്തി; കോഴിക്കോട് ജില്ലയില്‍ നിന്ന് കെ.പി.സി.സിയിലേക്ക് 26 പേർ
പേരാമ്പ്ര: പുതിയ കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള്‍ പേരാമ്പ്രയിൽ നിന്ന് സത്യൻ കടിയങ്ങാടും കെ.ബാലനാരായണന്‍ പട്ടികയിൽ ഇടം പിടിച്ചു. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിലുൾപ്പെട്ടയാളാണ് സത്യൻ. കെ.ബാലനാരായണന്‍ നേരത്തെ കെ.പി.സി.സിയിലുണ്ട്. കൊയിലാണ്ടിയില്‍ നിന്ന് പി.രത്‌നവല്ലിയും പയ്യോളി ബ്ലോക്കിനെ പ്രതിനിധീകരിച്ച് മഠത്തില്‍ നാണുവാണ് കെ.പി.സി.സിയിലെത്തിയിരിക്കുന്നത്.
കെ.പി.സി.സിയിലെത്തുമെന്ന് പ്രതീക്ഷിച്ച പല മുതിര്‍ന്ന നേതാക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നേരത്തേ കൊയിലാണ്ടിയില്‍ നിന്നുള്ള യു.രാജീവന്‍ മാസ്റ്റര്‍, എന്‍.പി.മൊയ്തീന്‍, വി.ടി.സുരേന്ദ്രന്‍ എന്നിവര്‍ കെ.പി.സി.സിയില്‍ ഉണ്ടായിരുന്നു. ഇതില്‍ രാജീവന്‍ മാസ്റ്ററും എന്‍.പി.മൊയ്തീനും ഇന്ന് ജീവിച്ചിരിപ്പില്ല. നിലവില്‍ കെ.പി.സി.സി അംഗമായിരുന്ന വി.ടി.സുരേന്ദ്രനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
സത്യന്‍ കടിയങ്ങാടിന് പുറമേ നാല് പുതുമുഖങ്ങളാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് പട്ടികയിലുള്ളത്. ആദം മുല്‍സി, വിദ്യ ബാലകൃഷ്ണന്‍, സി.വി. കുഞ്ഞികൃഷ്ണന്‍, ഹബീബ് തമ്പി എന്നിവരാണ് പുതുമുഖങ്ങള്‍. കൊയിലാണ്ടി ബ്ലോക്കിനെ പ്രതിനിധീകരിച്ച് പി.രത്‌നവല്ലിയാണ് പട്ടികയിലുള്ളത്.
ജില്ലയില്‍ നിന്ന് 26 അംഗങ്ങളാണ് കെ.പി.സി.സിയിലുള്ളത്. രത്‌നവല്ലി ടീച്ചര്‍, എം.കെ.രാഘവന്‍ എം.പി., കെ.വി.സുബ്രഹ്മണ്യന്‍, കെ.ജയന്ത്, ആദംമുല്‍സി , കെ.പി.ബാബു, പി.എം.നിയാസ്, കെ.രാമചന്ദ്രന്‍, വി.എം.ഉമ്മര്‍, കെ.അരവിന്ദന്‍, എന്‍.കെ.അബ്ദുറഹ്മാന്‍, സത്യന്‍ കടിയങ്ങാട്, കെ.ബാലനാരായണന്‍, വിദ്യാബാലകൃഷ്ണന്‍, വി.എം.ചന്ദ്രന്‍, കെ.ടി.ജെയിംസ്, സി.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.സി.അബു, ഹബീബ് തമ്പി, ഐ.മൂസ, കെ.ബാലകൃഷ്ണകിടാവ്, മഠത്തില്‍ നാണു തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം ഇന്നാണ് ചേര്‍ന്നത്. സത്യൻ കടിയങ്ങാടും കെ.ബാലനാരായണനും ഉള്‍പ്പെടെ എല്ലാ അംഗങ്ങളും യോഗത്തിനായി തിരുവനന്തപുരത്താണ് ഉള്ളത്.
കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കെ.പി.സി.സി ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. കെ.സുധാകരന്‍ തന്നെ പ്രസിഡന്റായി തുടരാനാണ് നിലവിലെ ധാരണ.
കെ.പി.സി.സി പ്രസിഡന്റിനു പുറമെ കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരെയും ഹൈക്കമാന്റിന് തീരുമാനിക്കാം എന്ന് പ്രമേയത്തില്‍ പറയുന്നു. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എം.പി, കെ.സി.ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എം.ഹസന്‍ തുടങ്ങിയവര്‍ പിന്‍താങ്ങി.
Summary: Sathyan Kadiangad as a new face from Perampra, K. Balanarayan retained. 26 people came to KPCC from Kozhikode district