സർഗവസന്തം തീർത്ത് ഇരിങ്ങൽ സർഗാലയ; അമ്യൂസ്മെൻറ് റൈഡുകൾ, എക്സിബിഷൻ, ഫുഡ് ഫെസ്റ്റുകൾ; ഇനി എല്ലാം മറന്ന് ഉല്ലസിക്കാം, അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇന്ന് തുടക്കം


ഇരിങ്ങൽ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് ഇന്ന് തിരിതെളിയും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ക്രാഫ്റ്റ് ബസാര്‍ പവലിയന്‍ ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, ഇന്റര്‍ നാഷണല്‍ പവലിയന്‍ നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക്,നബാര്‍ഡ് പവലിയന്‍ നബാര്‍ഡ് ജനറല്‍ മാനേജര്‍ ജി.ഗോപകുമാര്‍ നായരും ഉദ്ഘാടനം ചെയ്യും. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും. സര്‍ഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.പി.ഭാസ്കരന്‍ സ്വാഗതം പറയും.

19 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 12 രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും. രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ നിന്നായി 236 സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ രണ്ടു ലക്ഷത്തോളം സഞ്ചാരികൾ മേള കാണാനെത്തുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളിലെ ക്രാഫ്റ്റ് വിദഗ്‌ദ്ധരുമായി സംവദിക്കുന്നതിനും ഉൽപന്നങ്ങൾ, നൈപുണികൾ മനസ്സിലാക്കുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളവും സർഗ്ഗാലയവും ചേർന്ന് അവസരമൊരുക്കിയിട്ടുണ്ട്. ഭാരത് സർക്കാർ മിനിസ്ട്രി ഓഫ് ടൂറിസം, മിനിസ്ട്രി ഓഫ് ടെക്റ്റയിൽസ് ഡെവലപ്പ്മെന്റ് കമ്മീഷണർ ഓഫ് ഹാൻഡി ക്രാഫ്റ്റ്‌സ് തുടങ്ങിയ വകുപ്പുകളുടേയും നബാർഡിന്റേയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കേരള ഫുഡ് ഫെസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെന്റ് റൈഡുകൾ, കലാപരിപാടികൾ, ബോട്ടിങ്ങ്, കളരി പവലിയൻ, മെഡിക്കൽ എക്സിബിഷൻ എന്നിവ മേളയുടെ ആകർഷകമാണ്.

ഡിസം. 22 മുതല്‍ ജനുവരി 9വരെ നടക്കുന്ന മേളയില്‍ ഉസ്ബെക്കിസ്ഥാന്‍ പങ്കെടുക്കുന്നതാണ് മുഖ്യ ആകര്‍ഷണം. ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലന്‍ഡ് മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ എന്നീ പത്തില്‍പ്പരം രാജ്യങ്ങളിലെയും 26 സംസ്ഥാനങ്ങളിലെയും കരകൗശല വിദഗ്ദ്ധര്‍ മേളയില്‍ പങ്കെടുക്കും.