നാടിന്റെ ഉത്സവമായി 11ാം വാര്‍ഡ് ഫെസ്റ്റ്; പേരാമ്പ്ര ഉണ്ണിക്കുന്നില്‍ ‘സര്‍ഗ്ഗ വസന്ത’ത്തിന് തുടക്കമായി


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ ഉണ്ണിക്കുന്നില്‍ ‘സര്‍ഗ്ഗ വസന്തം’ 11ാം വാര്‍ഡ് ഫെസ്റ്റിന് തുടക്കമായി. ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കുന്ന കലാമേളയില്‍ പ്രദേശത്തെ 300ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ഉഷ മുഖ്യാതിഥിയായി.

ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. സര്‍ഗ്ഗ വസന്തം ദൃശ്യാവിഷ്‌കാരം, കരോക്കെ ഗാനമേള, കോഴിക്കോട് രംഗഭാഷയുടെ നാടകം മൂക്കുത്തി എന്നിവയും അരങ്ങേറി. പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് വാര്‍ഡിലെയും സമീപ വാര്‍ഡുകളിലെയും ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളാണ് നടക്കുന്നത്. ഭിന്നശേഷി കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണവും കുട്ടികളുടെ അമ്മമാരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

ആരോഗ്യ രക്ഷയ്ക്കും ജീവിതശൈലീരോഗങ്ങളില്‍ നിന്നുള്ള മുക്തിയ്ക്കുമായി വാര്‍ഡിലെ അംഗങ്ങള്‍ക്കായി 25ന് യോഗാ ക്ലാസ് സംഘടിപ്പിക്കും. തുടര്‍ന്ന് നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീദ ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഉണ്ടായിരിക്കും.

ഫെസ്റ്റിന്റെ ഭാഗമായി ബാലകലോത്സവം കുടുംബശ്രീ കലോത്സവം വാര്‍ഡിലെ മറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. ലഹരിക്കെതിരെ ‘തീപ്പന്തം’ എന്ന പേരില്‍ സംഗീത ശിലപവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനം കെ മുരളീധരന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ സിനിമാ, സിനിമാഗാന, നാടക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.