‘നിപ്പവൈറസിന്റെ ആവാസകേന്ദ്രങ്ങളായ വവ്വാലുകളുടെ ഉറക്കം കെടുത്തും, റെയില്‍പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, നായകുരണ എന്നിവ ഇല്ലാതാകും’; പേരാമ്പ്ര വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെ ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ്


പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെയുള്ള ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ് വൈറലാകുന്നു. റെയില്‍പാത യാഥാര്‍ത്ഥ്യമാവുകയും ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും ചെയ്താല്‍ പേരാമ്പ്രയിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, ചൊറിയണം, നായകുരണ എന്നിവ ഇല്ലാതാകുമെന്നും പകല്‍ പോകുന്ന തീവണ്ടികള്‍ നിപ്പ വൈറസുകളുടെ ആവാസകേന്ദ്രമായ വവ്വാലുകളുടെ ഉറക്കം കെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു.

ചക്കിട്ടപാറ സ്വദേശിയായ അസീസ് ആണ് പരിസ്ഥിതി സ്‌നേഹത്തിന്റെ പേരില്‍ വികസന പദ്ധതികള്‍ മുടക്കുന്നവരെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ട്രോള്‍ രൂപത്തിലുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതികള്‍ക്കെതിരെ പരിസ്ഥിതി വാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പലതും ഇത് പോലെ അടിസ്ഥാനരഹിതമാണ് എന്നും കുറിപ്പില്‍ പറയാതെ പറയുന്നു.

കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍വേ ലൈനിനെതിരെ എല്ലാ പരിസ്ഥിതി വാദികളും പ്രതിഷേധിക്കുക എന്ന ‘ആഹ്വാന’ത്തോടെയാണ് അസീസ് ചക്കിട്ടപാറയുടെ കുറിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ റെയില്‍പാത വന്നാല്‍ പരിസ്ഥിതിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.


Related News: പേരാമ്പ്രയിലും റെയിൽപാത എത്തുന്നു; കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


റെയില്‍പാത പന്തിരിക്കരയിലെത്തുമ്പോള്‍ ഇവിടെയുള്ള നിപ്പ വൈറസിന്റെ ആവാസ കേന്ദ്രമായ വവ്വാലുകളുടെ ഉറക്കം കെടുത്തുമെന്നും വവ്വാലുകള്‍ക്ക് വംശനാശം സംഭവിച്ചാല്‍ പിന്നെ നിപ്പ വൈറസുള്ള ഇന്ത്യയിലെ ഏക മേഖല പശ്ചിമ ബംഗാളിലെ സിലിഗുരി മാത്രമാവുമെന്നും അദ്ദേഹം ‘ആശങ്ക’യോടെ കുറിച്ചു. ലോകത്ത് ഇന്നുവരെ കണ്ടെത്തിയ കൊതുകു വര്‍ഗങ്ങളുടെ 99 ശതമാനവും വസിക്കുന്ന പേരാമ്പ്ര മാര്‍ക്കറ്റും പരിസരവും തീവണ്ടിയുടെ ജര്‍ക്കിങ് കാരണം കൊതുകുകളുടെ മുട്ട പേടായി പോകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ പാളം കടന്ന് പോകുന്ന ഭാഗങ്ങളില്‍ തഴച്ച് വളരുന്ന ചൊറിയണം, ആനതൂവ്വ, നായകുരണ പോലുള്ള അപൂര്‍വ്വ സസ്യങ്ങള്‍ ഇല്ലാതാകുമെന്ന ‘ഗുരുതരമായ’ ആശങ്കയും അദ്ദേഹം പങ്കുവച്ചു. വാലില്‍ കുത്തി ചാടുന്ന അപൂര്‍വ്വ ഇനം അട്ടപുഴുക്കളുള്ള വനഭാഗങ്ങളിലൂടെ വണ്ട് കടന്ന് പോയാല്‍ താപവ്യത്യാസം സംഭവിച്ച് അവയ്ക്കും ജീവനാശം സംഭവിച്ചേക്കാമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ചുരമില്ലാത്ത വയനാട് റോഡ് തടഞ്ഞ വനം-പരിസ്ഥിതി ഉദ്യോഗസ്ഥരും ജാഗരൂകരാവുക, ഇനി വരുന്നൊരു തലമുറയ്ക്കും കൂടിയുള്ളതാണ് നമ്മുടെ നാട് എന്ന് പറഞ്ഞുകൊണ്ടാണ് അസീസിന്റെ ആക്ഷേപഹാസ്യരൂപത്തിലുള്ള കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിനൊപ്പം ‘ചെമ്പനോട റെയിൽവേ സ്റ്റേഷ’ന്റെ ഒരു എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ ചിത്രവും അസീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അസീസ് ചക്കിട്ടപാറയുടെ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍:

പേരാമ്പ്ര മൈസൂര്‍ റെയില്‍വേ ലൈനിനെതിരെഎല്ലാ പരിസ്ഥിതി വാദികളും പ്രതിഷേധിക്കുക,

കൊയിലാണ്ടി നിന്നും പേരാമ്പ്ര മുള്ളങ്കുന്ന് ചെമ്പനോട പൂഴിതോട് വഴി വയനാട് ജില്ലതാണ്ടി മൈസൂരിലേക്ക് വരാന്‍ പോകുന്ന റെയില്‍വേ ലൈന്‍ പരിസ്ഥിതി ക്ക് വലിയ ദോഷം വരുത്തും.

പന്തിരിക്കര ഭാഗത്ത് നിപ്പവൈറസിന്റെ ആവാസകേന്ദ്രങ്ങളായ വവ്വാലുകളുടെ, ഉറക്കം കെടുത്തും പകല്‍ പോകുന്ന വണ്ടികള്‍ എന്നത് മാത്രമല്ല,അതുമൂലം വാവലുകള്‍ക്ക് വംശനാശഭീഷണി നേരിട്ട് പശ്ചിമ ബംഗാളിലെ സിലിഗുരി മാത്രമാവും നിപ്പവൈറസുള്ള ഇന്ത്യയിലെ ഏക മേഖല.

ലോകത്ത് ഇതുവരെ കണ്ടെത്തിയ കൊതുകു വര്‍ഗ്ഗങ്ങളുടെ തൊണ്ണൂറ്റൊമ്പത്,ശതമാനവും വസിക്കുന്ന, പേരാമ്പ്ര മാര്‍ക്കറ്റും പരിസത്തും തീവണ്ടിയുടെ ജര്‍ക്കിംഗ് മൂലം, കൊതുകുകളുടെ മുട്ട പേടായി പോവാനുംസാധ്യതയുണ്ട്.

മാത്രമല്ല, പാളം കടന്നു പോകുന്ന ഭാഗങ്ങളില്‍ തഴച്ചു വളരുന്ന, ചൊറിയണം, ആനതൂവ്വ, നായകുരുണ പോലത്തെ അപൂര്‍വ്വ സസ്യങ്ങള്‍ ഇല്ലാതാകും.

വാലില്‍ കുത്തി ചാടുന്ന അപൂര്‍വ്വയിനം അട്ട പുഴുക്കളുള്ള വനഭാഗങ്ങളിലൂടെ വണ്ടി കടന്നു പോയാല്‍ താപവിത്യാസം സംഭവിച്ച് അവയ്ക്കും ജീവ നാശം വന്നേക്കാം , പരിസ്ഥിതി വാദികളും ചുരമില്ലാത്ത വയനാട് റോഡ് തടഞ്ഞ വനം പരിസ്ഥിതി ഉദ്ധ്യോഗസ്ഥരും ജാഗരൂഗരാവുക.

ഇനിവരുന്നൊരു തലമുറയ്ക്കും കൂടിയുള്ളതാണ് നമ്മുടെ നാട്.


അസീസ് ചക്കിട്ടപാറയുടെ ഫേസ്ബുക്ക് കുറിപ്പിനോടുള്ള വായനക്കാരുടെ അഭിപ്രായവും പ്രതികരണവും വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Sarcastic facebook post of Chakkittapara native Asees about proposed Koyilandy-Perambra-Kalpeta-Mysuru railwayline went viral.