ഇത്തവണയും പതിവ് മുടങ്ങിയില്ല; ഓണകിറ്റിനൊപ്പം ഓണക്കോടിയും, നിർധനരോഗികളെ ചേര്‍ത്ത്പിടിച്ച്‌ വടകര ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്


ചോറോട്: ഇത്തവണത്തെ ഓണത്തിനും പതിവ് തെറ്റിച്ചില്ല, നിർധനരോഗികളെ ചേര്‍ത്ത്പിടിച്ച് വടകര ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്. ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയിൽ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികളിലെ പാവപ്പെട്ട രോഗികൾക്കാണ് മുടങ്ങാതെയുള്ള ഓണക്കോടിയും കിറ്റും നല്‍കിയത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഓണത്തിന് ഇത്തരത്തില്‍ രോഗികള്‍ക്ക് ഓണക്കോടിയും കിറ്റും ട്രസ്റ്റ് നല്‍കി വരികയാണ്. 1000രൂപ വിലവരുന്ന കിറ്റില്‍ പഞ്ചസാര, ചെറുപയര്‍, വെളിച്ചെണ്ണ തുടങ്ങി ഒരു കുടുംബത്തിന് വേണ്ട എല്ലാവിധ സാധനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പത് പേര്‍ക്കാണ് ഇത്തവണ ഓണക്കോടിയും കിറ്റും ലഭിച്ചത്.

പ്രമുഖ ചാനലായ സ്റ്റാർ ഇന്ത്യയുടെ ചെയർമാൻ കെ.മാധവന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റാണ് ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്. പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പുരോഗികളായ 30 പേര്‍ക്ക് എല്ലാ മാസവും പാലിയേറ്റീവ് കമ്മിറ്റി കിറ്റ് കൊടുക്കാറുണ്ട്. മറ്റു വരുമാനങ്ങളൊന്നുമില്ലാതെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ഈ കിറ്റ് വലിയ ആശ്വാസമാണ് നല്‍കുന്നത്. അരിയൊഴിച്ച് ഒരു വീട്ടിലേക്ക് വേണ്ട മിക്ക സാധനങ്ങളും ഉള്‍പ്പെട്ടതാണ് പാലിയേറ്റീവിന്റെ കിറ്റ്‌.

ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് രാവിലെ സംഘടിപ്പിച്ച ചടങ്ങ്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.സി ബാലറാം (ബാബു) അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവേരി, കെ.ശ്രീധരൻ നമ്പ്യാർ, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫിസർ ഡോ.ബിജു നേഷ്, സിഡിഎസ്‌ ചെയർപെഴ്സൺ കെ.അനിത, പാലിയേറ്റിവ് നഴ്സ് സജിന കെ.വി എന്നിവർ സംസാരിച്ചു.

Description: Sankaran Nambiar Trust provided onakodi and kit to needy patients