‘ഉള്ള് പൊള്ളിയവരാണ്, അവരെ ചിരിച്ച് കാണണം’; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മാജിക് അവതരിപ്പിച്ച് സനീഷ് വടകരയും മകള്‍ ഇലോഷയും


വടകര: ഇരുപത്തഞ്ച് വര്‍ഷമായി മാജിക് രംഗത്ത് സജീവമായ മജീഷ്യന്‍ സനീഷ് വടകരയ്ക്ക് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോള്‍ ഉള്ള് പൊള്ളിയിരുന്നു. പൊട്ടിച്ചിരികളോ കുട്ടികളുടെ കലപില ശബ്ദങ്ങളോ ഇല്ലാത്ത ഒരു വേദി. ഇത്രയും നാള്‍ കണ്ട ആളും ആരവമോ ഒന്നും തന്നെയില്ലാതെ നിരാശയുടെ മുഖങ്ങളായിരുന്നു അവിടെ കൂടുതലും.

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന എല്ലാ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യര്‍ക്കിടയിലേക്ക് സനീഷും മകള്‍ ആറുവയസുകാരി ഇലോഷയും എത്തുന്നത്. നാനൂറിലധികം പേര്‍ കഴിയുന്ന മേപ്പാടിയിലെ പ്രധാന ക്യാമ്പിലായിരുന്നു ആദ്യ പരിപാടി. ക്യാമ്പുകളില്‍ കഴിയുന്നവരെ ഒരു നിമിഷമെങ്കിലും എല്ലാം മറന്ന് ആനന്ദിപ്പിക്കാനായിരുന്നു സനീഷ് എത്തിയത്. എന്നാല്‍ തുടക്കം മുതല്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു അവിടെ. ചിരിക്കാന്‍ പോയിട്ട് ആത്മവിശ്വാസത്തോടെ ഒന്ന് നോക്കാന്‍ പോലും ക്യാമ്പിലെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല.

എന്നാല്‍ സനീഷിന്റെ മാസ്റ്റര്‍ പീസ് ഐറ്റമായ ശൂന്യതയില്‍ നിന്നും പുക്കള്‍ എടുക്കല്‍ തുടങ്ങിയപ്പോള്‍ സദസ് ഒന്നനങ്ങി. നാലഞ്ചോളം പേര്‍ ചെറുതായി ചിരിച്ചു. അതോടെ ആവേശമായി. പിന്നാലെ സദസിനെ എങ്ങനെ ചിരിപ്പിക്കാമെന്നായി. തുടരെ തുടരെ തന്റെ മാജിക്കുകള്‍ കാട്ടി സര്‍വ്വതും നഷ്ടമായി തന്റെ മുന്നിലിരിക്കുന്ന മനുഷ്യരെ അല്‍പ നേരത്തെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞു. കൂട്ടിന് മകളും കൂടി കൂടിയതോടെയാണ് പരിപാടി മികച്ച രീതിയില്‍ മുന്നോട്ട് പോയത്.

പിന്നാലെ നാലോളം ക്യാമ്പുകളില്‍ സനീഷും മകളും തുടരെ മാജിക്കുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രധാന്യം നല്‍കിയായിരുന്നു അവതരിപ്പിച്ച മാജിക്കുകളെല്ലാം. എങ്കിലും സാധാരണ വേദികളില്‍ അവതരിപ്പിക്കുന്നത് പോലെ വലിയ ശബ്ദത്തില്‍ സംഗീതത്തിന്റെ പശ്ചാത്തലമോ സംസാരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ ശാന്തമായി മുന്നിലിരിക്കുന്ന മനുഷ്യരെ ചേര്‍ത്ത്പ്പിടിച്ചായിരുന്നു മാജിക്കുകള്‍.

വാര്‍ത്തകളില്‍ കണ്ടതിനും അപ്പുറമാണ് വയനാട്ടിലെ അവസ്ഥ. വാര്‍ത്തകളില്‍ ചെറിയൊരു ശതമാനം മാത്രമാണ് വന്നിട്ടുള്ളത്. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ടപ്പോള്‍ ഉള്ള് പൊള്ളിയെന്നും, മാതാപിതാക്കളെയും മറ്റും നഷ്ടമായ കുട്ടികള്‍ ഒരു പരിചയവും കൂടാതെ വന്ന് അച്ഛനെയും അമ്മയെയും നഷ്ടമായ കഥകള്‍ പറഞ്ഞപ്പോള്‍ സഹിക്കാന്‍ പറ്റിയില്ലെന്നും സനീഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എങ്കിലും മേപ്പാടിയിലും പരിസരത്തുമുള്ള ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യങ്ങളോട് കൂടിയാണ് ആളുകള്‍ താമസിക്കുന്നത്. നിലവില്‍ അവര്‍ക്ക് ഒന്നിനും പുറത്തേക്ക് പോകേണ്ടതില്ല. മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ ക്യാമ്പുകളില്‍ ഒരുക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ വിഷമമനുഭവിക്കുന്നര്‍ക്ക് മാനസികമായി പിന്തുണ നല്‍കാന്‍ ഡോക്ടറുമാറുടെ കൗണ്‍സിലിംഗ് അടക്കം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി മാജിക് രംഗത്ത് സജീവമാണ് സനീഷ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉത്സവപറമ്പില്‍ കണ്ട മാജിക്ക് ഷോയോട് താല്‍പര്യമായി. അങ്ങനെയായിരുന്നു ഈ മേഖലയിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് പ്രശസ്ത മാജീഷ്യന്‍ വിജയന്‍ കടത്തനാടിന്റെ ശിഷ്യനായി. മാസങ്ങളും വര്‍ഷങ്ങളും നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം വടകരയിലെ അറിയപ്പെടുന്ന മാജീഷ്യനായി സനീഷ് മാറി.

ചെറുതും വലുതുമായി ഇതിനോടകം നിരവധി വേദികളില്‍ മാജിക്ക് അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ മകള്‍ ഇലോഷയും കൂട്ടിനുണ്ട്. രണ്ടര വയസില്‍ കൊറോണയ്‌ക്കെതിരെ ബോധവല്‍ക്കരണ പരിപാടി ചെയ്താണ് ഇലോഷ ശ്രദ്ധിക്കപ്പെടുന്നത്. കൊറോണ ഒന്നാം തരംഗത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിനും സോപ്പും സാനിറ്റൈസറുമുപയോഗിച്ച് രോഗം പകരാതിരിക്കാനും പുതു പാഠങ്ങൾ മാജിക്കിലൂടെ കാണിച്ച് ഇലോഷ അവതരിപ്പിച്ച പരിപാടി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മാത്രമല്ല അന്ന് കാണിച്ച മാജിക്കിലൂടെ ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പുറമെ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെ നിരവധി ബോധവത്കരണ ജാലവിദ്യങ്ങങ്ങളും ഇലോഷ അവതരിപ്പിച്ചിട്ടുണ്ട്‌. കൂടാതെ ജാലവിദ്യയ്ക്ക് മലയാളി മാജിക് അസോസിയേഷൻ നടത്തിയ ഓൾ ഇന്ത്യാ ഓൺലൈൻ മാജിക് മത്സരത്തിൽ സമ്മാനത്തിന് അർഹമായിട്ടുണ്ട്. അമ്മ ശില്‍പയും എല്ലാവിധ സഹായങ്ങളുമായും ഇവര്‍ക്കൊപ്പം കൂടെയുണ്ട്‌.

രാവിലെ 9മണിയോടെയുള്ള മാജിക് അവതരണത്തിന് ശേഷം രാത്രി ക്യാമ്പിലുള്ളവരോട് യാത്ര പറഞ്ഞ് ചുരം ഇറങ്ങുമ്പോള്‍ ഇനിയും ഒരിക്കല്‍ക്കൂടി തന്റെ മുന്നിലിരുന്ന മനുഷ്യരെ കാണണമെന്നാണ് സനീഷിന്റെ ആഗ്രഹം. അന്ന് എല്ലാ വേദനകളും മറന്ന് പുതിയൊരു ജീവിതം തുടങ്ങിയതിന്റെ സന്തോഷം അവര്‍ പങ്കുവെക്കുമെന്നാണ് സനീഷ് പറയുന്നത്.