വനം വിജിലൻസ് വിഭാഗം പരിശോധന; കൊയിലാണ്ടി താലൂക്കിലെ പനങ്ങാട് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചന്ദന തടികൾ പിടികൂടി


കോഴിക്കോട്: വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊയിലാണ്ടി താലൂക്ക് പനങ്ങാട് വില്ലേജിൽ ഷാഫിഖ് എന്നയാളുടെ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

വെള്ളചെത്തി ഒരുക്കിയ നിലയിലുള്ള 38 ഓളം ചന്ദന തടി കഷ്ണങ്ങളും , ചന്ദന ചീളുകളും ഉൾപ്പെടെ ആകെ 13. 360 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി റെയിഞ്ച് ഫോറസ്ററ് ഓഫീസർ പറഞ്ഞു.