രാവിലെ ഇഡ്ഡലി സാമ്പാര്‍, ഉച്ചയ്ക്ക് ചോറ് ചിക്കന്‍കറി തോരന്‍, വൈകുന്നേരം പഴം പുഴുങ്ങിയതും ഹോര്‍ലിക്‌സും, ഭക്ഷണ മെനു നീളുന്നു; സമൃദ്ധം പദ്ധതിയില്‍ വയറും മനസ്സും നിറഞ്ഞ് പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കുന്ന സമൃദ്ധം പദ്ധതിയ്ക്ക് തുടക്കമായി. പേരാമ്പ്ര ബിആര്‍സിയും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ച് ദിവസങ്ങളിലും മൂന്ന് നേരവും പോഷക സമൃദ്ധവും വ്യത്യസ്തവുമായ ഭക്ഷണങ്ങളുടെ മെനുവാണ് പദ്ധതിയിലൂടെ പുറത്തിരക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോര്‍ലിക്‌സ്, നട്‌സ്, പഴം പൊരി, പഴം പുഴുങ്ങിയത്. ഇഡ്ഡ ലി, സാമ്പാര്‍, ചോറ്, ചിക്കന്‍, മീന്‍, ഓംലറ്റ്, എരശ്ശേരി, തോരന്‍ തുടങ്ങി മെനു നീണ്ടു പോവുകയാണ്.

സ്പോണ്‍സര്‍ഷിപ്പിലൂടെ പദ്ധതിക്കായി ഭക്ഷണ സാധനങ്ങള്‍ സമാഹരിക്കുന്നത്. കൂടാതെ പഞ്ചായത്ത് ഫണ്ട് ഈ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്.

ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സജു അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത, എച്ച്എം ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍, വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹി മുഹമ്മദ്, വ്യാപാര വ്യവസായ സമിതി സെക്രട്ടറി ബി.എം മുഹമ്മദ്, പിഇസി കണ്‍വീനര്‍ എ.സി മൊയ്തി, കെ ഷാജിമ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും എച്ച്എം എം.വി ഷൈമലത നന്ദിയും പറഞ്ഞു.

ഒരു വിഭാഗം കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയം എന്നതില്‍ നിന്ന് എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന മികച്ച വിദ്യാലയം ആക്കി മാറ്റാനുള്ള നിരവധി പദ്ധതികളില്‍ ആദ്യം നടപ്പിലാക്കിയ പദ്ധതിയാണ് സമൃദ്ധം. പൊതു സമൂഹത്തിലെ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാലയത്തെ മെച്ചപ്പെടുത്താനുള്ള മറ്റു പ്രവര്‍ത്തനങ്ങളും തുടരും.

summary: Samridham project started at Perambra govt welfare school