ചിക്കൻ, ബീഫ്, പച്ചക്കറി, കറികളേതായാലും നല്ല അസ്സൽ മസാലക്കൂട്ടുകളിവിടെയുണ്ട്, നേരിട്ടും ഓൺലെെനായും വാങ്ങാം; ഗുണമേന്മയുളള ‘സമം’ രുചി കൂട്ടുമായി ചക്കിട്ടപാറയിലെ വനിതകൾ


പേരാമ്പ്ര: ഗുണമേന്മയുള്ള മസാല കൂട്ടുകൾ ഇനി മുതൽ ചക്കിട്ടപാറയിൽ ലഭിക്കും. ജില്ലാ-ഗ്രാമ പഞ്ചായത്തുകൾ ചേർന്നുള്ള കറി പൗഡർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ചക്കിട്ടപാറയിൽ ആരംഭിച്ച കറി പൗഡർ യൂണിറ്റ് പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയിൽ നടപ്പാക്കിയതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനകീയ കൂട്ടായ്മകളിലൂടെ ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങളിലൂടെ ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കാൻ കഴിയും. യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ പ്രദേശത്ത് തൊഴിൽ സാധ്യത വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചെലവഴിച്ചാണ് കറി പൗഡർ യൂണിറ്റിന്റെ നിർമ്മാണം. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ 70 സ്ത്രീകൾക്ക് ജോലി ലഭ്യമാകും.

സമം എന്ന് പേരിട്ടിരിക്കുന്ന കറിപൗഡർ യൂണിറ്റിലൂടെ ചിക്കൻ മസാല, ബീഫ് മസാല, വെജിറ്റബിൾ മസാല തുടങ്ങി 19 ഇനം രസ കൂട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്യും. സ്ക്വാഷ്, ജാം, അരിപ്പൊടി പുട്ടുപൊടി, മത്സ്യം തുടങ്ങി വീട്ടിലേക്കുള്ള 76 ഇനം അവശ്യ വസ്തുക്കളും യൂണിറ്റിലൂടെ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.

വിവിധങ്ങളായ യന്ത്രങ്ങളുടെ സഹായത്തോടെയാണ് യൂണിറ്റിന്റെ പ്രവർത്തനം. മസാല കൂട്ടുകൾ നിർമ്മിക്കാനുളളവ കഴുകി, വറുത്ത് പൊടിക്കുന്നതിനാവശ്യമായ യന്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

യൂണിറ്റിലൂടെ നേരിട്ടും ഓൺലൈൻ വഴിയുമാണ് മസാലകളുൾപ്പെടെയുള്ളവ വിതരണം ചെയ്യുക. ഗ്രോഹുഡ് കമ്മ്യൂണിറ്റി ബയ്യിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകൾക്ക് ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാം. സാധനങ്ങളുടെ വിതരണത്തിനായി ഓരോ വാർഡുകളിൽ നിന്നും രണ്ടു സ്ത്രീകളെ തിരഞ്ഞെടുത്ത് പരിശീലനവും നൽകിയിട്ടുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Summary: ‘Samam’ Masala Powder unit started in chakkitapara