പേരാമ്പ്ര പാലേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; നാദാപുരം സ്വദേശി പിടിയിൽ


പേരാമ്പ്ര: പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു.

ഈ സമയം വീട്ടിൽ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പോലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയായി പോലീസ് അമീറിനായി വലവിരിച്ചിരിക്കുകയായിരുന്നു. കുറ്റ്യാടി സ്റ്റേഷനിലെ മറ്റൊരു മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി എത്തിയതായിരുന്നു ഇവിടെ പോലീസ്.

എന്നാൽ പോലീസിനെ കണ്ട് ഒരാ‍ൾ ഓടിയതായി കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടർന്ന് പേരാമ്പ്ര സബ് ഇന്സ്‌പെക്ടർ ഷമീറിന്റെ നേതൃത്വത്തിൽ വാടക വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. പേരാമ്പ്ര പോലീസും റൂറല് ജില്ലാ ഡാന്സാഫും പേരാമ്പ്ര ഡി.വൈ.എസ്പിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.