മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും രാവുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി, വിശുദ്ധ അമ്മ ത്രേസ്യയുടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു


മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ കോഴിക്കോട് രൂപത വികാരി ജനറാൾ റവറൽ ഡോ. ജെൻസെൻ പുത്തൻവീട്ടിൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. തുടർന്ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ പെരുനാളാഘോഷങ്ങൾക്ക് തുടക്കമായി.

മാഹി എം എൽ എ രമേശ് പറമ്പത്, മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ, സർക്കിൾ ഇൻസ്‌പെക്ടർ ആർ ഷണ്മുഖം , സ്വാമി പ്രേമന്ദ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ദേവാലയത്തിന് ബസിലിക്ക പദവി ലഭിച്ചശേഷം നടക്കുന്ന ആദ്യ പെരുനാളാണിത്.

പൊതുവണക്കത്തിനായി വച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയർപ്പിക്കാൻ വരും ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുൾപ്പടെ നിരവധി പേർ ഇവിടേക്കെത്തും. ഒക്ടോബർ 14, 15 തിയതികൾ പെരുന്നാളിലെ പ്രധാധപ്പെട്ട ദിനങ്ങളാണ്. 15ന് പുലർച്ചെ ഒന്നുമുതൽ ആറുവരെ ഉരുൾ നേർച്ച (ശയനപ്രദക്ഷിണം) നടക്കും.