‘ഫ്‌ളൂറസന്റ് സ്റ്റിക്കറുകള്‍ ഒട്ടിക്കുക, വെള്ളക്കെട്ടുകളില്‍ ഇറക്കാതിരിക്കുക’; മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം


പേരാമ്പ്ര: നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് ശ്രമകരമായ കാര്യമാണ്. മോശം റോഡുകള്‍, ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ തുടങ്ങിവയെല്ലാം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് പ്രതികൂലമായ ഘടകങ്ങളാണ്.

സാധാരണ നിലയില്‍ തന്നെ ദുഷ്‌കരമായ ഇരുചക്ര വാഹന ഡ്രൈവിങ് മഴക്കാലത്ത് കൂടുതല്‍ ദുഷ്‌കരമാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്നവര്‍ ഉള്‍പ്പെടെ നനയുന്നതും, റോഡിലെ കാഴ്ച കുറയുന്നതും, വീഴാനുള്ള സാധ്യത കൂടുന്നതുമെല്ലാം മഴക്കാലത്തെ ഇരുചക്ര വാഹന ഡ്രൈവിങ്ങിനെ ബുദ്ധിമുട്ടേറിയതാക്കുന്നു.

എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ മഴക്കാലത്തെ ബൈക്ക് അപകടങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. അത്തരം കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

ഈ മഴക്കാലത്ത് ഇരു ചക്ര വാഹനം ഓടിക്കുന്ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വായനക്കാര്‍ ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ച് സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയുന്ന ഇരുചക്ര വാഹനം ഓടിക്കുന്ന എല്ലാവരിലേക്കും ഇക്കാര്യം എത്തിക്കാനും മറക്കല്ലേ.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മഴക്കാലത്തു നിരത്തുകളിലൂടെയുള്ള യാത്ര ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളില്‍ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ശ്രദ്ധാപൂര്‍വമുള്ള റൈഡിങ് മാത്രമാണ് അപകടമൊഴിവാക്കാനുള്ള മുഖ്യ മാര്‍ഗം.

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാല്‍ അതില്‍ ഇറക്കാതിരിക്കുകവാന്‍ ശ്രമിക്കുക. കാരണം റോഡിലെ കുഴികള്‍ കാണാന്‍ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

സഡന്‍ബ്രേക്കിങ് പരമാവധി ഒഴിവാക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒറ്റയ്ക്കു പിടിക്കരുത്. ഇത് ടയര്‍ ലോക്ക് ആകാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാനും ഇടയാക്കും. പിന്നിലെയും മുന്നിലെയും ബ്രേക്ക് പ്രയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി മൊത്തം ബ്രേക്കിങ് ഫോഴ്‌സ് രണ്ട് ടയറുകളിലായി വീതിച്ചു നല്‍കി കൂടുതല്‍ ഗ്രിപ്പ് നേടാം.

റോഡിലുള്ള മാര്‍ക്കിങ്ങുകളിലും സീബ്ര ക്രോസിങ്ങുകളിലും ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ഏറെ സൂക്ഷിക്കണം. പെയിന്റ് ചെയ്ത ഭാഗത്ത് ഗ്രിപ്പ് തീരെയുണ്ടാവില്ല. ഇവിടെ ബൈക്ക് തെന്നി മറിയാന്‍ സാധ്യതയുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്. റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാല്‍ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാല്‍ മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കണം.

റോഡിന്റെ ഇടതുവശം ചേര്‍ന്ന് ബൈക്ക് ഓടിക്കുക. പ്രത്യേകിച്ച് ഹൈവേകളില്‍, പിന്നാലെയുള്ള വാഹനങ്ങള്‍ക്ക് സുഖമായി ഓവര്‍ടേക്ക് ചെയ്യാനുള്ള ഇടം നല്‍കണം. വളവുകളില്‍ നിലം പറ്റി വീശാതെ സാവധാനം വേണം തിരിയാന്‍.

അവ്യക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന മഴയില്‍, തിളങ്ങുന്ന നിറമുള്ള റെയ്ന്‍കോട്ടുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വാഹനം മറ്റു ഡ്രൈവര്‍മാരുടെ കാഴ്ചയില്‍പ്പെടാന്‍ സഹായിക്കും. ഫ്‌ളൂറസെന്റ് നിറങ്ങളിലുള്ള സ്റ്റിക്കറുകള്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ബൈക്ക് എന്നിവയില്‍ ഒട്ടിക്കാം. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളില്‍ ലെയ്ന്‍ മാറുമ്പോഴും ഇന്‍ഡിക്കേറ്ററുകള്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫുചെയ്യാന്‍ മറക്കരുത്.

കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങള്‍

റോഡിലുള്ള മാന്‍ഹോളുകള്‍, പാര്‍ക്കിങ് ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റല്‍ പ്ലേറ്റുകള്‍, റയില്‍വേ ക്രോസുകള്‍ എന്നിവയില്‍ കൂടി വാഹനം ഓടിക്കുമ്പോള്‍ വേഗം കുറയ്ക്കണം. റയില്‍വേ ട്രാക്കില്‍ പരമാവധി നേരെ തന്നെ ബൈക്ക് ഓടിച്ചു കയറ്റുക. ചെരിഞ്ഞുകയറിയാല്‍ ചക്രം പാളി ബൈക്ക് മറിയാന്‍ ഇടയാകും. റോഡിന്റെ കട്ടിങ്ങുകള്‍ ഏറെ സൂക്ഷിക്കുക. താഴ്ചയുള്ള റോഡരികില്‍ ഇറങ്ങിയാലും ഉടന്‍ വെട്ടിച്ച് റോഡിലേക്ക് കയറാന്‍ ശ്രമിക്കരുത്. വേഗം കുറച്ച് സ്മൂത്തായ അരികിലൂടെ വേണം തിരികെ റോഡില്‍ പ്രവേശിക്കാന്‍.