ടൂറിസം സാധ്യതകളുടെ ചിറകിലേറുന്ന പേരാമ്പ്രയ്ക്ക് പ്രതീക്ഷയും അഭിമാനവും; കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ് എസ്.കെ.സജീഷ്
പേരാമ്പ്ര: കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ് പേരാമ്പ്ര സ്വദേശി എസ്.കെ സജീഷ്. പെരുവണ്ണാമൂഴി ചേര്‍മല ഉള്‍പ്പെടെ ടൂറിസത്തിന്റെ വികസനത്തിലേക്ക് ചിറകുവെച്ച് പറക്കുന്ന പേരാമ്പ്രയ്ക്ക് പ്രതീക്ഷയും അതോടൊപ്പം അഭിമാനവുമാവുകയാണ് സജീഷിന്റെ ഈ നേട്ടം.
നേരത്തെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗമായിരുന്ന സജീഷ് പേരാമ്പ്രയിലെ ചേര്‍മല ടൂറിസം സാധ്യത കണ്ടെത്തുന്നതിലും അതിന് തുടക്കം കുറിക്കുന്നതിലുമുള്‍പ്പെടെ സുപ്രധാന ഇടപെടല്‍ നടത്തിയ വ്യക്തിയാണ്. ബൗദ്ധിക സൗകര്യങ്ങള്‍ ഇനിയും ഒരുക്കേണ്ടതുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പ്പെട്ട കക്കയം കാരിയാത്തുംപാറ ഉള്‍പ്പെടെയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാവുമെന്നും പേരാമ്പ്രയുടെ ടൂറിസം വികസനത്തിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാവും എന്ന പ്രതീക്ഷയിലുമാണ് പേരാമ്പ്രക്കാര്‍.
നിലവില്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഡി.വൈഎഫ്‌ഐ അഖിലേന്ത്യാ കമ്മിറ്റി അംഗംവുമാണ് സജീഷ്. യുവജന കമ്മീഷന്‍ അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ നേരത്തെ വഹിച്ചിട്ടുള്ള ഇദ്ദേഹം എസ്. എഫ്. ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി. വൈ. എഫ്. ഐ സംസ്ഥാന ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലും സംഘടനാ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ജ്യോല്‍സ്‌ന ജോര്‍ജ്ജ്. അലെജോ സാജോ, ആഞ്ചലോ സാജോ എന്നിവര്‍ മക്കളാണ്.