സുഹൃത്ത് നശിപ്പിച്ചെന്നുകരുതിയ പാസ്‌പോര്‍ട്ട് കണ്ടുകിട്ടി; കൂരാച്ചുണ്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ആണ്‍സുഹൃത്തിന്റെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം മഹിള മന്ദിരത്തിലായിരുന്നു യുവതി രണ്ടുദിവസം താമസിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാട്ടിലേക്ക് മടങ്ങിയത്.
യുവതിയുടെ വീട്ടുകാരുമായി റഷ്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ ടിക്കറ്റ് അയച്ചുകൊടുക്കുകയായിരുന്നു. സുഹൃത്ത് നശിപ്പിച്ചെന്നുകരുതിയ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കാളങ്ങാലിയിലെ വീട്ടില്‍നിന്ന് ലഭിച്ചതോടെയാണ് യാത്ര പെട്ടെന്ന് നടന്നത്. കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് മഹിള മന്ദിരത്തില്‍ നിന്ന് യുവതിയെ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ നിയമ നടപടിക്കായി ഇവര്‍ ബന്ധപ്പെടുമെന്ന് പോലീസിനെ അറിയിച്ചതായാണ് വിവരം.
കേസില്‍ അറസ്റ്റിലായ കാളങ്ങാലി ഓലക്കുന്നത്ത് ആഖില്‍ (28) റിമാന്‍ഡിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സുഹൃത്തിന്റെ പീഡനത്തെ തുടര്‍ന്ന് യുവതി വീടിന്റെ ടെറസില്‍നിന്ന് ചാടിയത്. തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
ലഹരിക്കടിമയായ ആഖില്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ ക്രൂരപീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ തന്നെ ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതിയും പൊലീസിന് ദ്വിഭാഷി മുഖേന മൊഴിനല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.