കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്റെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. കല്‍പ്പറ്റ പ്രോജക്ട് ഓഫീസര്‍ മുഖേന തുക ഉടന്‍ കൈമാറും.

യുവാവിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. സംഭവത്തെപ്പറ്റി ജില്ലാ കലക്ടറോടും പൊലിസ് മേധാവിയോടും വിശദമായ റിപ്പോര്‍ട്ട് കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍പെട്ട വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയിരുന്നു.