കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യുവാവ് പോയത് മാഹി പെരിങ്ങത്തൂരിലെ വീട്ടിലേക്ക്
കണ്ണൂർ: കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. യു.എ.ഇയിൽനിന്ന് ഡിസംബർ 13ന് പുലർച്ചെ 2.30ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ മാഹി പെരിങ്ങത്തൂർ സ്വദേശിയായ യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറിൽ പെരിങ്ങത്തൂരിലെ വീട്ടിലെത്തി. അന്ന് വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ സ്വകാര്യ ലാബിൽ ടെസ്റ്റിനെത്തി.
16ന് ഉച്ചക്ക് തലശ്ശേരി രണ്ടാംഗേറ്റിലെ ടെലി ആശുപത്രിയിലെത്തി. വൈകീട്ട് ആറിന് സ്വന്തം വാഹനത്തിൽ പരിയാരം മെഡിക്കൽ കോളജിലെത്തിയതായാണ് റൂട്ട് മാപ്പിലുള്ളത്. കണ്ണൂർ ഡിഎംഒയാണ് റൂട്ട് മാപ്പ് പുറത്തത് വിട്ടത്.
എം പോക്സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ എട്ടാം നിലയിൽ പ്രത്യേകമായി ഒരുക്കിയ വാർഡിൽ ചികിത്സക്കായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.