ഉരുൾപൊട്ടൽ; വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു, ക്യാമ്പിലുള്ളവർ ബന്ധു വീടുകളിലേക്കും വാടക വീടുകളിലേക്കും മാറി


വിലങ്ങാട് : വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബുകൾ പിരിച്ചുവിട്ടു. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ നഷ്‌ടപ്പെടുകയും സുരക്ഷ ഉറപ്പാക്കാനുംവേണ്ടി മാറ്റിപ്പാർപ്പിച്ച മൂന്നു ക്യാമ്ബുകളാണ് പിരിച്ചുവിട്ടത്. മന്ത്രി മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ. രാജൻ, ജില്ല കലക്ടർ എന്നിവർ ഓൺലൈനിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു ക്യാമ്പ് പിരിച്ചുവിടാനുള്ള തീരുമാനം .

അടുപ്പിൽ ആദിവാസി കോളനിയിലെ 68 കുടുംബങ്ങൾ, വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിലെ 292 അംഗങ്ങൾ, വെള്ളിയോട് ഹയർ സെക്കൻഡറി സ്കൂളിലെ 35 കുടുംബങ്ങളിൽ ആറ് കുടുംബങ്ങൾ എന്നിവരാണ് ക്യാമ്പിൽ നിന്ന് മാറിയത്. ഇതിൽ പലരും ബന്ധുവീട്ടിലേക്കും പഞ്ചായത്ത് കണ്ടെത്തിയ വാടക വീടുകളിലേക്കുമാണ് മാറിയത്. ക്യാമ്പിൽ നിന്ന് മാറിത്താമസിക്കാൻ സൗകര്യപ്രദമായ ഇടം ലഭിക്കാതിരുന്നവർക്ക് റവന്യൂ വകുപ്പ് വാടക നൽകുന്ന വിധത്തിൽ വീടുകളോ മറ്റു താമസസ്ഥലങ്ങളോ കണ്ടെത്താൻ സൗകര്യം നൽകിയിട്ടുണ്ട്.

രണ്ടു ദിവസത്തിനകം ഈ പ്രക്രിയ പൂർത്തിയാക്കി ക്യാമ്പ് പൂർണമായും പിരിച്ചുവിടും. അടുപ്പിൽ കോളനിയിൽ ഉരുൾപൊട്ടലിൽ കുടിവെള്ള വിതരണം മുടങ്ങിയതോടെ കോളനിക്കാരെ പുതുതായി നിർമിക്കുന്ന വീടുകളിലേക്കാണ് മാറ്റിയത്. പഴയ കോളനിയിലെ കുടിവെള്ള വിതരണം പൂർത്തിയാക്കുന്ന പ്രവർത്തനം നടന്നുവരുകയാണ്. ഇത് രണ്ടു ദിവസം കൊണ്ട് പൂർത്തിയാകും. ഇവിടെ പുതുതായി നിർമിച്ചതും ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതുമായ 43 വീടുകളുടെ താക്കോൽ തിരിച്ചു വാങ്ങേണ്ടതില്ലെന്നും അവലോകന യോഗത്തിൽ തീരുമാനിച്ചു.