വടകരയില്‍ നിര്‍ത്തിയിട്ട ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി 13000 രൂപയും മൊബൈലും കവര്‍ന്നു; യുവാവ് പിടിയില്‍


വടകര: ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. അഴിയൂര്‍ കോറോത്ത് റോഡില്‍ മൊയിലാര്‍ പറമ്പത്ത് താമസിക്കും വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മല്‍ ലത്തീഫിനെയാണ് (35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഫെബ്രുവരി 11ന് ശിവകാശിയില്‍നിന്നും എത്തിയ ലോറി വടകര കൃഷ്ണ കൃപ കല്യാണ മണ്ഡപത്തിന് മുന്‍വശം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ ദാമോദര്‍ കണ്ണനെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. സി.ഐ പി.എം. മനോജ്, എസ്.ഐ സജീഷ്, യുസഫ്, എ.എസ്.ഐ കെ.പി. രാജീവന്‍, സീനിയര്‍ സി.പി.ഒ വി.വി. ഷാജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.