മൂന്നു കാറുകളിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി കവർച്ച; തൃശ്ശൂരിൽ സ്വർണ്ണ വ്യാപാരിയുടെ രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു
തൃശൂർ: തൃശൂർ – കുതിരാന്‍ പാതയില്‍ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരി സഞ്ചരിച്ച കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി കവർന്നത് രണ്ടരക്കോടിയുടെ സ്വര്‍ണ്ണം. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവർച്ചക്ക് പിന്നില്‍. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായത്തിയ അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് കവർച്ചാസംഘം ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. നഷ്ടമായത് രണ്ട് കിലോ അറുനൂറ് ഗ്രാം സ്വര്‍ണമാണ്.
രണ്ട് ഇന്നോവയും മറ്റൊരു വാഹനവും അരുണ്‍ സണ്ണിയുടെ കാറിനെ പിന്തുടര്‍ന്നു. അരുണിന്‍റെ കാറിന് മുന്നില്‍ ഒരു ഇന്നോവ കാർ വട്ടം നിർത്തി. രണ്ടാമത്തെ ഇന്നോവ മറ്റൊരു വശത്തിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. മൂന്നാമത്തെ വാഹനം കാറിന്‍റെ പിന്നിലും നിർത്തി. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങിയവര്‍ അരുണ്‍ സണ്ണിയുടെ കാറിലേക്ക് ഇരച്ചു കയറി. അരുണിനെയും റോജിയേയും കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി മറ്റു വാഹനങ്ങളിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയായിരുന്നു.
വാഹനങ്ങള്‍ ഹൈവേ വിട്ട് മറ്റു വഴികളിലേക്ക് കയറുന്നതിനിടെ ഇരുവരെയും മര്‍ദ്ദിച്ച് സ്വര്‍ണം കവരുകയായിരുന്നു. സ്വര്‍ണം കിട്ടിയതിന് പിന്നാലെ റോജിയെ പുത്തൂരിലിറക്കി. അരുണിനെ പാലിയേക്കര ടോളിന് സമീപത്തും ഇറക്കിവിട്ടു. അരുണ്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെ പ്രത്യേക അന്വേഷണ സംഘം അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അക്രമികള്‍ മുഖം മൂടി ധരിച്ചവരായിരുന്നു. ആലപ്പുഴ സ്ലാങ്ങിലാണ് സംസാരിച്ചതെന്നുമാണ് അരുണ്‍ മൊഴി നല്‍കിയത്.
Summary: Robbery in three cars; Gold worth 2.5 crores stolen from a gold merchant in Thrissur