ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ നടക്കുന്നതിനിടെ റോഡിലെ കുഴിയടയ്ക്കല്‍; പന്തിരിക്കര വരയാലന്‍കണ്ടിയില്‍ പ്രവൃത്തി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം


പേരാമ്പ്ര: പന്തിരിക്കര വരയാലന്‍കണ്ടി റോഡിലെ കുഴിയടയ്ക്കല്‍ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. റോഡില്‍ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ ജോലി നടക്കുന്നതിനാലാണ് പണി തടഞ്ഞത്. ഏറെക്കാലമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ ഇതുവരെ കുഴയടയ്ക്കാനുള്ള നടപടി ക്രമങ്ങളൊന്നും നടന്നിരുന്നില്ല.

പ്രദേശത്ത് ഇപ്പോള്‍ ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ നടക്കുകയാണ്. ഈ സമയത്ത് തന്നെ റോഡിലെ കുഴിയടയ്ക്കാനും കരാറുകാരന്‍ എത്തി. തുടര്‍ന്ന് പൈപ്പിടല്‍പണി കഴിഞ്ഞശേഷം മതി അറ്റകുറ്റപ്പണിയെന്ന അഭിപ്രായവുമായി നാട്ടുകാര്‍ എത്തുകയായിരുന്നു. അല്ലാത്ത പക്ഷം വീണ്ടും കുഴിയെടുത്ത സ്ഥലവും പൂര്‍വസ്ഥിതിയിലാക്കേണ്ടി വരും എന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.

പ്രതിഷേധത്തെ തുടര്‍ന്ന് മെറ്റലും ടാറുമൊക്കെ കരാറുകാരന്‍ കൊണ്ടുപോയെന്നും നാട്ടുകാര്‍ പറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് റോഡിന്റെ മധ്യത്തിലൂടെയാണ് മുമ്പ് സ്ഥാപിച്ചത്. പൈപ്പ് കാലപ്പഴക്കത്താല്‍ ഇടയ്ക്കിടക്ക് പൊട്ടുന്നതും റോഡ് തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.