മഴപെയ്തതോടെ ദുരിതമൊഴിയാതെ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍


മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്.

പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ പ്രശ്‌നം തുടങ്ങുകയാണ്. കുന്നിന് 40 മീറ്ററിനടുത്തുവരെജനവാസമുണ്ട്. പ്രദേശവാസകളുടെ വീട്ടുമുറ്റത്തേക്ക് വരെ മണ്ണ്, കല്ല് എന്നിവ കുത്തിയൊഴുകി വന്നിട്ടുണ്ട്. ഈ മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമോ എന്നഭീതിയിലാണിവര്‍.

പഞ്ചായത്തിലും, ദുരന്ത നിവാരണ ഓഫീസിലും പരാതികൊടുത്തിട്ടും അധികൃതര്‍ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞമാസം വരെ അനിയന്ത്രിതമായരീതിയിലായിരുന്നു സ്വകാര്യ കമ്പനി ഈ ചെങ്കുത്തായ കുന്നിടിച്ച് മണ്ണ്‌നീക്കിക്കൊണ്ടിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഹൈക്കോടതി ഇതില്‍ താത്കാലിക സ്റ്റേ അനുവദിക്കുകയായിരുന്നു.