വിലങ്ങാട് ഉരുൾ പൊട്ടലിൽ മരിച്ച മാത്യു മാസ്റ്ററുടെ കുടുംബത്തിന് സഹായവുമായി ആർ.ജെ.ഡി; സഹായധനം കൈമാറി


വിലങ്ങാട് : വിലങ്ങാട് ഉരുൾ പൊട്ടലിൽ മരിച്ച കുളത്തിങ്കൽ മാത്യുവിൻ്റെ കുടുംബത്തിന് സഹായധനവുമായി ആർ.ജെ.ഡി. ഒരു ലക്ഷം രൂപയുടെ ചെക്ക് മാത്യു മാസ്റ്റരുടെ ഭാര്യ ഷെർളിക്ക് സംസ്ഥാന പ്രസിഡന്റ് ശ്രേയംസ് കുമാർ വീട്ടിലെത്തി നൽകി. ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി പേരെ വീടുകളിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷപ്പെടുത്തിയാണ് മാത്യു മാസ്റ്റരുടെ മരണം സംഭവിച്ചതെന്നും സോഷ്യലിസ്റ്റ് വിദ്യാർത്ഥി യുവജന നേതൃനിരയിൽ പ്രവർത്തിച്ച മാത്യുവിൻ്റെ ഓർമകൾ എന്നും നിലനിൽക്കുമെന്നും ശ്രേയംസ് കുമാർ പറഞ്ഞു.

ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ആർ ജെ ഡി സംസ്ഥാന ഭാരവാഹികളായ വി കുഞ്ഞാലി, സലിം മടവൂർ, ഇ പി ദാമോധരൻ, എൻ കെ വത്സൻ, പി കിഷൻ ചന്ദ്, കെ ലോഹ്യ ജില്ലാ ഭാരവാഹികളായ ഇ കെ സജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.