അപകട സാധ്യത;കൂത്ത്പറമ്പ് നവോദയ കുന്നിൽ ഖനനം നിരോധിച്ച് തലശ്ശേരി സബ് കലക്ടർ ഉത്തരവിട്ടു, പ്രദേശം പരിസ്ഥിതിലോലം
തലശ്ശേരി: നവോദയ കുന്നിൽ തലശ്ശേരി സബ് കലക്ടർ ഉത്തരവിട്ടു. കൂത്തുപറമ്പ് ചെറുവാഞ്ചേരി വില്ലേജിലെ നവോദയ കുന്നിലെ അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ ജുലൈ 26 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നിരുന്നു. നവോദയ കുന്നിൽ പ്രവർത്തിക്കുന്ന നവോദയ സ്‌കൂൾ, മഹാത്മാ ഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ റിസോഴ്സ് കം അഗ്രോ സർവീസ് സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്ക് അനധികൃത ഖനനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രദേശത്തെ ചെങ്കൽ ഖനനം മൂലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കും അനുഭവിക്കേണ്ടി വരുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂൾ പ്രിൻസിപ്പൽ ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു കൂടാതെ കൂത്തുപ്പറമ്പ് നിയോജക മണ്ഡലത്തിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി വില്ലേജുകളിലായി 506 ഏക്കർ ഭുമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ച് വരുന്നതുമാണ്. പ്രദേശത്ത് തുടരുന്ന അനധികൃത പ്രവർത്തനങ്ങൾ എത്രയും വേഗം നിർത്തി ഇല്ലെങ്കിൽ ഈ പ്രദേശം കിൻഫ്ര വ്യവസായ പാർക്കിനായി ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലാകുമെന്ന് കിൻഫ്ര ഉദ്യേഗസ്ഥർ അറിയിച്ചിട്ടുണ്ട്.
2013 ലെ കസ്തൂരി രംഗൻ കരട് റിപ്പോർട്ടിൽ ചെറുവാഞ്ചേരി വില്ലേജ് പശ്ചിമഘട്ടത്തിനോട് ചേർന്ന് കിടക്കുന്ന പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഉൽപ്പെട്ടതുമാണ്. ചെറുവാഞ്ചേരി വില്ലേജിൽ യാതൊരു ഖനന പ്രവർത്തനങ്ങൾക്കും അനുമതി നൽകി വരുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിരോധനം.