ക്യാന്‍സര്‍ സാധ്യത; ഡവ് അടക്കം എയറോസോളിന്റെ ഡ്രൈ ഷാംപൂകള്‍ പിന്‍വലിച്ച് യുണീലിവര്‍


മുംബൈ: എയറോസോളിന്റെ ഡ്രൈ ഷാംപൂ അമേരിക്കന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച് അന്താരാഷ്ട്ര ഉപഭോക്തൃ കമ്പനിയായ യൂണിലിവര്‍. അര്‍ബുദത്തിന് കാരണമായ ബെന്‍സീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഡവ്, നെക്‌സസ്, സ്വാവ്, ട്രെസെമെ, ടിഗി എന്നീ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചത്. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിക്കുന്നത്.

2021 ഒക്ടോബറിന് മുമ്പ് പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. എയറോസോളിന്റെ പേഴ്‌സണല്‍ കെയര്‍ ഉല്പന്നങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഒരിക്കല്‍ കൂടി ചോദ്യമുയര്‍ന്നിരിക്കുകയാണ്.

ഇതാദ്യമായല്ല സ്‌പ്രേ ചെയ്യാവുന്ന ഡ്രൈ ഷാമ്പൂകള്‍ പ്രശ്‌നമാണെന്ന് കണ്ടെത്തുന്നത്. ബെന്‍സീന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബറില്‍ പാന്റീന്‍ ആന്റ് ഹെര്‍ബല്‍ എസന്‍സസ് ഡ്രൈ ഷാമ്പൂകള്‍ തിരിച്ചുവിളിച്ചിരുന്നു.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് എയറോസോളിന്റെ സണ്‍സ്‌ക്രീനിനും ഇത്തരത്തില്‍ നിയന്ത്രണം ഏല്‍പ്പിച്ചിരുന്നു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ ന്യൂട്രോജെന, എഡ്‌ജ്വെല്‍ പേഴ്‌സണല്‍ കെയര്‍, കോന്റെ ബനാന ബോട്ട്, ബെയര്‍സ്ഡോര്‍ഫ് എജിയുടെ കോപ്പര്‍ടോണും ഉള്‍പ്പെടെയായിരുന്നു നീക്കിയത്.

അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബെന്‍സിന്‍ ഉള്‍പ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും കമ്പനി പറഞ്ഞു. നിലവില്‍ കണ്ടെത്തിയ അളവില്‍ ബെന്‍സിന്‍ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഫിഡിഎ പറയുന്നു.