പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കുറിച്ച് വിവരം അറിയിച്ചാൽ പാരിതോഷികം; ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങൾക്ക് ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നവരെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കുമെന്ന് തദ്ദേശഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി വ്യക്തമാക്കി.
ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന് വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടി നമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്.വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.