വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കുക; സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്


വടകര: റെയിൽവേ പാർക്കിങ്ങ് ഫീസ് വർദ്ദനവ് പിൻവലിക്കുക, ആർ.എം.എസ് കെട്ടിടം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യാത്രക്കാരെ റെയിൽവേ ഞെരിച്ച് കൊല്ലുകയാണെന്ന് പാറക്കൽ അബ്ദുള്ള പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ പി.കെ.സി അധ്യക്ഷത വഹിച്ചു.

മലബാറിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് വടകര എന്നാൽ ഇവിടെ നിർത്തുന്ന ട്രെയിനുകളുടെ ലിസ്റ്റും യാത്രക്കാരുടെ എണ്ണവും പരിശോധിച്ചാൽ അത് അപര്യാപ്തമാണെന്ന് മനസിലാകും. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന പരശുറാം, നേത്രാവതി എന്നീ എക്സ്പ്രസുകളിൽ കോച്ചുകൾ വെട്ടിക്കുറച്ചതോടെ ദുരിത സമാനമായ യാത്രയാണ്. ഇതിനിടയിൽ വാഹന പാർക്കിങ് ഫീസ് കൂടെ അമിതമായി വർദ്ധിപ്പിച്ചത് ജനങ്ങയോടുള്ള ക്രൂരതയാണെന്നും പാറക്കൽ പറഞ്ഞു.

ഓട്ടോ തൊഴിലാളികൾ യാത്രക്കാരെ കയറ്റാൻ നിർത്തുന്നതിന് പോലും പൈസ നൽകേണ്ടി വരുന്നത് അപഹാസ്യ മാണെന്നും ഇത് തിരുത്തണമെന്നും പാറക്കൽ ആവശ്യപ്പെട്ടു. ജില്ലാ യൂത്ത് ലീഗ് സിക്രട്ടറിമാരായ എൻ.പി.ഷാജഹാൻ, ഷുഹൈബ് കുന്നത്ത്, മലബാർ പാസഞ്ചർ ഫോറം ചെയർമാൻ അബ്ദുൽ കരീം മനസ, റാഷിദ്‌ പനോളി, ടി.എൻ റഫീഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ മുനീർ പനങ്ങോട്ട്, ഹാരിസ് ഓഞ്ചിയം എന്നിവർ സംസാരിച്ചു.

യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീർ.വി.പി, ജാസിം പണിക്കോട്ടി, അക്ബർ കെ.സി, അബ്ദുൽ ഗനി എൻ, ആസിഫ് ഒ.കെ എന്നിവർ നേതൃത്വം നൽകി ജനറൽ സിക്രട്ടറി അൻസീർ പനോളി സ്വാഗതവും വൈസ് പ്രസിഡന്റ്‌ ആർ സിറാജ് നന്ദിയും പറഞ്ഞു.

Summary: Revoke hike in parking fee at Vadakara railway station; Muslim Youth League organized the evening sit-in