വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു
വടകര: വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വിലങ്ങാട്ടെ പുനരധി വാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു.
ദുരന്ത ബാധിത പ്രദേശങ്ങളിൽ ഡ്രോൺ ഇമാജിനേഷൻ എന്ന സ്ഥാപനം മുഖേന ലിഡാർ സർവ്വെ നടത്തിയ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളിൽ കോഴിക്കോട് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങൾ വാസ യോഗ്യമാണോ എന്ന കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കി ജനുവരിയിൽ കൈമാറുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്ത പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേരള കാർഷിക സർവ്വകലാശാലയിലെ വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനാവശ്യമായ നിർദേശം കൃഷി വകുപ്പ് മന്ത്രി നൽകി കഴിഞ്ഞു. ഉരുൾ പൊട്ടലിന്റെ ഫലമായി പുഴയിൽ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കും. ഇതിനായി മേജർ ഇറിഗേഷൻ റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കളക്ടർ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം.
ദുരന്തത്തിൽ തകർന്നവ പുനർ നിർമ്മിക്കുന്നതിനുള്ള 7 പ്രവൃത്തികൾക്കായി 49,60,000 രൂപ മൈനർ ഇറിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചീനിയർ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്ന മുറയ്ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
പുഴയുടെ തകർന്ന പാർശ്വഭിത്തികൾ പുനർ നിർമ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്. അതിൽ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു. ദുരന്ത ബാധിതരായി താത്കാലിക വാടക വീടുകളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടപ്പെട്ടവർക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഓരോ കുടംബത്തിലേയും മുതിർന്ന രണ്ട് പേർക്ക് നൽകുവാൻ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം നടത്താനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ കളക്ടർ, എംഎൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ എന്നിവർ ചേർന്ന് തയ്യാറാക്കുന്നതിനും യോഗം നിർദേശം നൽകി. യോഗത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി, എ കെ ശശീന്ദ്രൻ, നാദാപുരം എംഎൽഎ ഇ കെ വിജയൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പിസിസിഎഫ് രാജേഷൻ, ലാന്റ് റവന്യൂ കമ്മീഷണർ എ കൗശികൻ, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Summary: Revenue Minister K. Rajan said that rehabilitation of Vilangate disaster victims will be speeded up; A high level meeting was held in Thiruvananthapuram