നാല്‌ പതിറ്റാണ്ട് പിന്നിട്ട്‌ തയ്യുളളതിൽ രാജന്റെ ‘നിർവാണം’; നാടക ഓർമകളുമായി വടകരയില്‍ 23ന് ഒത്തുചേരൽ


വടകര: തയ്യുള്ളതില്‍ രാജന്‍ രചിച്ച ‘നിര്‍വാണം’ എന്ന നാടകം ആദ്യാവതരണം നടന്ന് നാല്‌ പതിറ്റാണ്ട് പിന്നിടുമ്പോൾ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍ ഒത്തുചേരുന്നു. നാടകത്തിന്റെ ഓര്‍മ പുതുക്കലും, ഷഡ് ഭാഷാ പതിപ്പിന്റെ പ്രകാശനവും 23ന് പകല്‍ മൂന്നിന് വടകര ടൗണ്‍ഹാളില്‍ നടക്കും. ഷഡ്ഭാഷ പതിപ്പിന്റ പ്രകാശന ചടങ്ങ് കന്നട നാടക കൃത്തും നടനും സംവിധായകനുമായ പ്രഫ. എച്ച്.എസ്.ഉമേഷ് ഉദ്ഘാടനം ചെയ്യും.

നിർവാണം നാടകത്തിന്റെ ആദ്യാവതരണത്തിൽ സിദ്ധാർഥനായി വേഷമിട്ട ടി.പി.അച്യുതന് ആദ്യ പ്രതി നൽകി അഭിനേത്രി ഇന്ദിര നായർ പ്രകാശനം നിർവഹിക്കും. ഡോ.ഹേന (ഹിന്ദി), ഡോ.നാദാ ഷെട്ടി (കന്നഡ), ഡോ.ടി.എം.രഘുറാം (തമിഴ്), അമ്മിണി വർഗീസ് (സംസ്കൃതം), കെ.പി.സുനിൽകുമാർ (ഇംഗ്ലിഷ്) എന്നിവരാണ് വിവിധ പതിപ്പുകളുടെ പരിഭാഷ നിർവഹിച്ചത്.

നാടക പ്രവർത്തകൻ ജയൻ ശിവപുരം പ്രഭാഷണം നടത്തും. പ്രഫ. എം.ചന്ദ്രൻ, രാജൻ സി.കണ്ണൂക്കര, ടി.പി.അച്യുതൻ, റൂബി, ഡോ.ഹേന, കെ.എ.മനാഫ്, സത്യൻ കാവിൽ, സുരേഷ്ബാബു കാവിൽ, സുനിൽ കാവുംഭാഗം, കല ദാസ്, രാജേന്ദ്രൻ എടത്തുംകര എന്നിവർ അനുഭവം പങ്കുവയ്ക്കും.

നാടകകൃത്തും വടകരയിലെ സാംസ്കാരികപ്രവർത്തകനുമായ തയ്യുള്ളതിൽ രാജൻ, സിദ്ധാർഥഗൗതമന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ നാടകമാണിത്. രോഗം, മരണം, വാർധക്യം എന്നിവയ്ക്ക് പരിഹാരം തേടി അലഞ്ഞ സിദ്ധാർഥ ഗൗതമൻ നാടകകൃത്തുക്കൾക്ക് ഒരു വെല്ലുവിളിയും ഉരകല്ലുമാണെന്ന നാടകാചാര്യൻ പ്രഫ. ജി.ശങ്കരപ്പിള്ളിയുടെ വാക്കുകളിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് രാജൻ നിർവാണം എന്ന നാടകം രചിക്കുന്നത്. ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച തയ്യുള്ളതിൽ രാജൻ നാടക കൃത്തിന് പുറമേ നടനും സംവിധായകനുമാണ്.

Description: Reuniting with the memories of Nirvanam drama on 23