‘അനുഭവവും, അറിവും സമൂഹത്തിന് പകരാൻ അധ്യാപകർ തയ്യാറാകണം’; വിരമിച്ച അധ്യാപകരെ ആദരിച്ച് ‘സ്മാർട്ട് കുറ്റ്യാടി


കുറ്റ്യാടി: ‘സ്മാർട്ട് കുറ്റ്യാടി’ വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു. കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകര്‍ക്കായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കീഴൽ യു.പി.സ്കൂളിൽ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുളയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കേരളാ സർക്കാർ നടപ്പിലാക്കുന്നതെന്നും ലോകത്തിലെ ഏത് പ്രധാന ഗവേഷണ നേട്ടങ്ങൾക്ക് പിറകിലുമുള്ള കേരള ടച്ച് പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടത്തിനുദാഹരണമാണെന്നും വിരമിച്ച അധ്യാപകർ തങ്ങളുടെ അനുഭവവും, അറിവും സമൂഹത്തിന് പകരാൻ തയ്യാറാകണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു.

സ്മാർട്ട് കുറ്റ്യാടി കൺവീനർ പി. അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന,മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ്, അധ്യാപക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു.