മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; ഉപവാസ സമരം സംഘടിപ്പിച്ച്‌ ആർ.ജെ.ഡി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുമ്പില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് എം.എല്‍.എയുടെ ഉറപ്പ്‌


വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുളള റെയിൽവേയുടെ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും, നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശൃപ്പെട്ട് രാഷ്ട്രീയ ജനതാദൾ ഉപവാസ സമരം സംഘടിപ്പിച്ചു. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷാ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസവും ഒപ്പ് ശേഖരണവും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.പി മോഹനൻ എം.എൽ.എ, ആർ.വൈ.ജെ.ഡി ജില്ലാ അദ്ധൃക്ഷൻ കിരൺജിത്ത്, അഴിയൂർ പഞ്ചായത്ത് 16ആം വാർഡ് മെമ്പർ സാലിം പുനത്തിൽ, ടി.ടി പത്മനാഭൻ, സുനീഷ്. പി.വി, മഹേഷ്ബാബു, എൻ.പി അജേഷ് മുക്കാളി, ലിനീഷ് പി.പി, ഉഷ ചാത്തൻകണ്ടി, കെ.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സെപ്തംബര്‍ 8ന്‌ എം.എൽ.എയുടെ സംഘം കേന്ദ്ര റെയിൽവേ മന്ത്രി അശ്വതി വൈഷ്ണവിനെ നേരിട്ട് കാണുമെന്നും, ഒപ്പ് ശേഖരിച്ച അപേക്ഷ സംസ്ഥാന റെയിൽവേ മന്ത്രി മുഹമ്മദ് റിയാസിന്റെ കവറിങ്ങ് ലെറ്ററോടെ കേന്ദ്ര മന്ത്രിക്ക് നൽകുമെന്നും കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു.