മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; പ്രതിഷേധം ശക്തമാകുന്നു, ഉപവാസ സമരവുമായി ആർ.ജെ.ഡി


വടകര: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഒഴിവാക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് നാളെ ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും.

ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ രാവിലെ 9.30.മുതൽ വൈകിട്ട് 4 മണിവരെ ഉപവാസമിരിക്കും. ഒപ്പം പ്രദേശവാസികളുടെ ഒപ്പ് ശേഖരണവും നടത്തും. ചടങ്ങ് ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ കെ.പി മോഹനൻ, എം.എൽ.എ മനയത്ത് ചന്ദ്രൻ എന്നീ നേതാക്കൾ പങ്കെടുക്കും.

വർഷങ്ങളായി മുക്കാളി, ഏറാമല, കുന്നുമ്മക്കര, തട്ടോളിക്കര, ഒഞ്ചിയം പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് മുക്കാളി റെയിൽവേ സ്റ്റേഷനെയായിരുന്നു. കോവിഡിന് മുൻപുവരെ 10 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു. കോവിഡ്‌കാലത്ത് വണ്ടികൾ എക്സ്പ്രസാക്കിയതോടെയാണ് മുക്കാളിയിലെ സ്റ്റോപ്പ് നിർത്തലാക്കിയത്. വണ്ടികൾ മുക്കാളിയിൽ നിർത്താതായതോടെയാണ് വരുമാനത്തിന് കുറവുണ്ടായത്. റെയിൽവേ മന്ത്രാലയം ലാഭനഷ്‌ടം നോക്കാതെ മുക്കാളി ഹാർട്ട് സ്റ്റേഷൻ നിലനിർത്തണമെന്നും കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.