മരുന്നുകളോട് പ്രതികരിക്കുന്നു, ബന്ധുക്കളുമായി സംസാരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. വാര്‍ത്താക്കുറിപ്പിലൂടെ സമസ്തയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും അടുത്ത ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിനും അബൂബക്കര്‍ മുസ്ലിയാരുടെ ചികിത്സയ്ക്കും അസൗകര്യമുണ്ടാകാതിരിക്കാന്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് സമസ്ത എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മര്‍കസ് ഓഫീസില്‍ നിന്ന് അതാത് സമയങ്ങളില്‍ അറിയിക്കുമെന്ന് മര്‍ക്കസ് അധികൃതര്‍ അറിയിച്ചു.
അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ കഴിഞ്ഞ ദിവസമാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.