‘കർഷകരെ, അധ്വാനിക്കുന്നവരെ, ബഫർസോൺ നീക്കത്തെ ചെറുക്കുക’; പശുക്കടവിൽ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ


നാദാപുരം: ബഫർ സോണിനെതിരെ തൊട്ടിൽപാലത്ത് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സിപിഐ (മാവോയിസ്റ്റ് ) ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിൽ പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടത്. തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലയാണ് സംഭവം.

പശുക്കടവ് സ്വദേശി സണ്ണി എന്ന വ്യക്തിയുടെ ചായക്കടയിലും പരിസരത്തുമാണ് ബഫർ സോണിനെതിരെ പത്തോളം പോസ്റ്ററുകൾ കണ്ടത്. കർഷകരെ, അദ്ധ്വാനിക്കുന്നവരെ പുറത്താക്കുന്ന ബഫർസോൺ നീക്കത്തെ ചെറുക്കുക, പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. തൊട്ടിൽപാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.