‘പരിസ്ഥിതിയെ തകിടം മറിക്കും, 400 ഓളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും’; പന്തിരിക്കരയില്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍
പന്തിരിക്കര: കോക്കാട് -പാറച്ചാല്‍ മല കേന്ദ്രീകരിച്ചു തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമി വാങ്ങി കൂട്ടുന്നതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് പ്രദേശ വാസികള്‍. കോക്കാട്, പാറച്ചാല്‍ ആവടുക്ക മുതലായ വലിയൊരു ഭൂപ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ പാറച്ചാല്‍ മല മോഹ വില നല്‍കി ഉടമകളില്‍ നിന്ന് വാങ്ങി 30ഓളം ഏക്കറില്‍ 170 കോടി രൂപ മുതല്‍ മുടക്കില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയും മറ്റു അനുബന്ധ നിര്‍മാണങ്ങളും നടത്താന്‍ ആണ് പദ്ധതി.
ഇതിനെതിരെ പന്തിരിക്കരയില്‍ പ്രദേശവാസികള്‍ പ്രതിഷേധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. ഇത് പ്രദേശത്തെ പരിസ്ഥിതിയെ തകിടം മറിക്കുകയും കുടിവെള്ള പ്രശ്‌നങ്ങളും മാലിന്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നും 400 ഓളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രതിഷേധ യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സമരസമിതി കണ്‍വീനര്‍ അനിരുദ്ധന്‍ സ്വാഗതവും, ചെയര്‍മാന്‍ മോഹനന്‍ കെ.കെ.അധ്യക്ഷതയും വഹിച്ച പൊതുയോഗത്തില്‍ ചങ്ങരോത്ത് പഞ്ചായത്ത് 10 വാര്‍ഡ് മെമ്പര്‍ ഗീത, വിവിധ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ പിന്തുണ ഉറപ്പു നല്‍കി. വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് സമിതിയുടെ തീരുമാനം.