ഇനിയും ഈ ദുരിതയാത്ര വയ്യ, ക്ഷമനശിച്ച നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്ത്; ചെറുവണ്ണൂര്‍ ഓട്ടുവയല്‍ കാരയില്‍നട കനാല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കൂട്ടായ്മയുമായി പ്രദേശവാസികള്‍
ചെറുവണ്ണൂര്‍: ഓട്ടുവയല്‍ കാരയില്‍ത്താഴ അറയ്ക്കല്‍ പാലം കനാല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കൂട്ടായ്മ ശക്തിപ്പെടുന്നു. പ്രദേശവാസികള്‍ ഒരുമിക്കുന്ന ജനകീയ കൂട്ടായ്മയുടെ ആദ്യ യോഗം ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ചാലില്‍ ദാമോദരന്റെ വീട്ടില്‍ വെച്ച് നടക്കും.
ഓട്ടുവയല്‍ മുതല്‍ കാരയില്‍ നട കൂറൂര്‍ക്കടവ് റോഡ് എന്ന ആവശ്യം പ്രദേശവാസികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. അഞ്ച് കിലോമീറ്ററോളം നീളത്തിലാണ് റോഡ് വരേണ്ടത്. ഇതില്‍ ചില ഭാഗങ്ങളില്‍ നിലവില്‍ തന്നെ സഞ്ചാര യോഗ്യമായ റോഡുകളുമുണ്ട്. എന്നാല്‍ കാരയില്‍ നട കഴിഞ്ഞുള്ള ഭാഗങ്ങളില്‍ പലയിടത്തും സഞ്ചാരയോഗ്യമായ വഴികളില്ലെന്നാണ് നാട്ടുകാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
കക്കറമുക്കിനടുത്തുള്ള കുഞ്ഞോത്ത് താഴ മുതല്‍ ഓട്ടുവയല്‍വരെയുള്ള തീരദേശ റോഡായി ഇത് നിര്‍മ്മിക്കാന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നാട്ടുകാരുടെ തീരുമാനം. അഞ്ഞൂറോളം കുടുംബങ്ങളെങ്കിലും ഈ റോഡിന്റെ ഗുണഭോക്താക്കളായി ഉണ്ടാവും. കനാലിന്റെ തീരത്തുള്ള പല കുടുംബങ്ങളും മഴക്കാലത്ത് ഏറെ യാത്രാദുരിതം അനുഭവിക്കുന്നവരാണ്. അസുഖമുള്ളവരെയും പ്രായമുള്ളവരെയുമെല്ലാം തോണിയില്‍ കടത്തിക്കൊണ്ടുപോകേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ ആവളപ്പാണ്ടിയുടെ വികസനത്തിനും ഈ റോഡ് വലിയ മുതല്‍ക്കൂട്ടാവും. കനാലിനോട് ചേര്‍ന്നുള്ള ഭാഗം ഇറിഗേഷന്റെ സ്ഥലമായതിനാല്‍ അത് സര്‍വ്വേ ചെയ്ത് കിട്ടണം. ഇതിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളുണ്ടാവേണ്ടതുണ്ടെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പേരാമ്പ്ര എം.എല്‍.എയും അന്നത്തെ മന്ത്രിയുമായിരുന്ന ടി.പി.രാമകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും റോഡ് യാഥാര്‍ത്ഥ്യമാകാനുള്ള ചെറുനീക്കംപോലുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒരുമിച്ച് ജനകീയ കൂട്ടായ്മയുമായി രംഗത്തുവന്നിരിക്കുന്നത്.