തെങ്ങും കവുങ്ങും വാഴയുമുൾപ്പെടെയുള്ള വിളകളെല്ലാം പിഴുതെറിഞ്ഞ് നശിപ്പിക്കും, റോഡിലൂടെയുള്ള യാത്രയും ഭയത്തോടെ; കാട്ടാനക്കൂട്ടം കാരണം സ്വസ്ഥത നഷ്ടപ്പെട്ട് ചെമ്പനോട, പന്നിക്കോട്ടൂര്‍ നിവാസികൾ


ചക്കിട്ടപ്പാറ: പകലന്തിയോളം മണ്ണില്‍ പണിയെടുത്ത് പരിപാലിക്കുന്ന വിളകള്‍ക്ക് രാത്രിയില്‍ ഉറക്കമിളച്ച് കാവലിരിക്കേണ്ട അവസ്ഥയിലാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ വനമേഖലയോട് അടുത്ത പ്രദേശങ്ങളിലെ കര്‍ഷകര്‍. രാത്രിയും പുലര്‍ച്ചെയുമെല്ലാം കൂട്ടംചേര്‍ന്ന് എത്തുന്ന കാട്ടാനകളുടെ ശല്യമാണ്. നേരം ഇരുട്ടിയാല്‍ മുതുകാട് ചെമ്പനോട റൂട്ടില്‍ വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ റോഡിലൂടെ ആനകളെ ഭയക്കാതെ യാത്ര ചെയ്യാനാവില്ല.

സ്വന്തം തോട്ടം എന്നാണ് ഈ ആനകളുടെ വിളയാട്ടകേന്ദ്രമാകുന്നത് എന്ന ഭീതി കാരണം സ്വസ്ഥത നഷ്ടപ്പെട്ട കുറേയേറെ കര്‍ഷകരുണ്ട് ചെമ്പനോട, പന്നിക്കോട്ടൂര്‍ ഭാഗങ്ങളില്‍. ഭയപടക്കംപൊട്ടിച്ചും, തീപന്തങ്ങള്‍ കൊണ്ട് ഭയപ്പെടുത്തിയും ഇവയെ ഓടിച്ച് വിളകള്‍ സംരക്ഷിക്കേണ്ടിവരുന്നവര്‍, കാട്ടാനകളെ തുരത്താനുളള ശ്രമത്തിനിടെ അവയുടെ ആക്രമണത്തിന് ഇരയാകുമോയെന്ന ഭയത്തോടെ ഓരോ രാത്രിയും കഴിച്ചുകൂട്ടുന്ന ഒരുപാട് കുടുംബങ്ങളുണ്ട് ഇവിടെ.

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലമായി കാട്ടാനക്കൂട്ടം കര്‍ഷകര്‍ക്കുണ്ടാക്കുന്നത്. ഇതിന് ശാശ്വത പരിഹാരം എന്ന നിലയില്‍ മുതുകാടിനെയും ചെമ്പനോടയെയും ബന്ധിപ്പിച്ചുകൊണ്ട് ഉണ്ടന്‍ മൂല – ചെങ്കോട്ടക്കൊല്ലി കിടങ്ങ് പുനര്‍നിര്‍മ്മിക്കണം എന്നാണ് പ്രദേശ വാസികളും കര്‍ഷകരും മുന്നോട്ടു വെയ്ക്കുന്ന പ്രധാന ആവശ്യം. കൂടാതെ ജനവാസ മേഖലകളായ പൂഴിത്തോട് സീതപ്പാറ ഭാഗങ്ങളില്‍ റെയില്‍ സെന്‍സിങ് സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

ചക്കിട്ടപാറയിലെ ചെമ്പനോട പന്നിക്കോട്ടൂര്‍, കുറത്തിപ്പാര, ഇളംകാട് വാര്‍ഡുകളിലെ നിരവധി കര്‍ഷകരുടെ വിളകളാണ് ഇതിനകം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സന്ധ്യയാവുന്നതോടെ വീടുകളില്‍ വളരെ ഭയപ്പാടോടെയാണ് ജനങ്ങള്‍ കഴിയുന്നതെന്നും കര്‍ഷകര്‍ പറയുന്നു. കൂട്ടത്തോടെ വരുന്ന ആനകള്‍ കൃഷിയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകളെല്ലാം പിഴുതെറിയുകയാണ്.

ചെമ്പനോട, പന്നിക്കോട്ടൂര്‍, കൂവപ്പൊയില്‍, ചെങ്കോട്ടക്കൊല്ലി മുതുകാട് മേഖലകളിലെ കര്‍ഷകരുടെ ഏതാണ്ട് വിളകള്‍ എല്ലാം തന്നെ നശിച്ച നിലയിലാണ്. കര്‍ഷക സംഘടനകളുടെയും മറ്റ് പൊതുജന സംഘടനകളുടെയും നേതൃത്വത്തില്‍ നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

ആവശ്യങ്ങളുന്നയിച്ച് എത്തുന്ന സമയങ്ങളില്‍ ഫണ്ടിന്റെ അപര്യാപതതയാണ് നടപടികള്‍ക്ക് തടസമാവുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെട്ട ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നുതാണ് കര്‍ഷകരുടെ ആവശ്യം.

ഈ സാഹചര്യത്തില്‍ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍. വ്യാഴാഴ്ച രാവിലെ 10-30നാണ് പെരുവെണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. ധര്‍ണ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ ഉല്ഘാടനം ചെയ്യും. മാര്‍ച്ചിലും ധര്‍ണയിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രദേശത്തെ ബഹുജനങ്ങള്‍ അണിനിരത്തുവാന്‍ ചെമ്പനോട പാരിഷ് ഹാളില്‍ ചേര്‍ന്ന കര്‍ഷക യോഗത്തില്‍ തീരുമാനമെടുത്തു.

Summary: Residents of Chembanoda and Pannikotoor are afraid of being attacked by a herd of wild animals