ജനങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും ചേന, ചേമ്പ്, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ നശിപ്പിക്കുകയും ചെയ്ത് കാട്ടുപന്നികള്‍; ഭീതിയൊഴിയാതെ കീഴരിയൂര്‍, കളരിക്കണ്ടിമുക്ക് പ്രദേശവാസികള്‍



മേപ്പയൂര്‍: കീഴരിയൂര്‍, കളരിക്കണ്ടിമുക്ക് ഭാഗങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷ മായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും അതോടൊപ്പം ജനങ്ങള്‍ക്കു നേരെ അക്രമം നടത്തുന്നതും പതിവാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കീഴരിയൂരില്‍ കുറ്റിക്കാട്ടു താഴെ വെച്ച് മത്താനത്ത് രാജന്റെ പിന്നാലെ കാട്ടുപന്നി അക്രമിക്കാന്‍ ഓടി. തലനാരിഴയ്ക്കാണ് രാജന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൈയ്യിലുണ്ടായിരുന്ന നാളീകേരം ഉരിക്കുന്ന പാരകൊണ്ട് കാട്ടുപന്നിയെ വിരട്ടി ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

കളരിക്കണ്ടിമുക്ക് കനാല്‍പ്പാലത്തിനടുത്ത് കാട്ടുപന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവാകുകയാണ്. കൃഷിയിടത്തിലേക്കിറങ്ങുന്ന കാട്ടുപന്നി ചേന, ചേമ്പ്, മഞ്ഞള്‍ എന്നിവ നശിപ്പിക്കുകയും കവുങ്ങ്, തെങ്ങ് തുടങ്ങിയവയുടെ തടങ്ങളും കുത്തിമറിച്ചിടുകയും ചെയ്തതായി നാട്ടുകാര്‍ അറിയിച്ചു.

കാട്ടുപന്നികള്‍ നാട്ടിലിറങ്ങി കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്നതിനെ തടയിടാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

summary: residence of keezhariyur are in distress due to the increase in wild boar nuisance in kalarikkandimukk area