ചേലേമ്പ്ര കോഴിക്കുട്ടില്‍ കയറിയ പെരുമ്പാമ്പ് ഒറ്റയടിക്ക് അഞ്ച് കോഴികളെ വിഴുങ്ങി; പുറത്തിറങ്ങിയപ്പോള്‍ എല്ലാറ്റിനെയും ഛര്‍ദ്ദിച്ചു


തേഞ്ഞിപ്പലം: നാടന്‍ കോഴികളെ കൂട്ടത്തോടെ വിഴുങ്ങി പെരുമ്പാമ്പ്. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്തുംകുഴി പുറായി വി.കെ.കോയയുടെ വീട്ടിലാണ് സംഭവം.

കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് 5 കോഴികളെ ഒറ്റയടിക്ക് വിഴുങ്ങി. രാവിലെ കൂട് തുറന്നിട്ടും കോഴികള്‍ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്.

2 കോഴികളെ കൂട്ടില്‍ കൊന്നിട്ടതായും കണ്ടെത്തി. നാട്ടുകാര്‍ എത്തി കൂട്ടില്‍നിന്ന് പാമ്പിനെ പുറത്തെടുത്തപ്പോള്‍ 5 കോഴികളെ ഛര്‍ദിച്ചു.

താലൂക്ക് ദുരന്ത നിവാരണ സേനാംഗങ്ങളെത്തി പാമ്പിനെ ബേപ്പൂര്‍ വനശ്രീ സംരക്ഷിത വനത്തില്‍ വിട്ടു.