നിപയിൽ ആശ്വാസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 68കാരൻ ഉൾപ്പെടെ ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ രോഗബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 68കാരൻ ഉൾപ്പെടെ ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 68കാരന് പുറമേ നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ കൂട്ടുകാരായ ആറുപേരുടെ സ്രവമാണ് പരിശോധിച്ചത്. ഓരോരുത്തരുടെയും മൂന്നു സാമ്പിൾ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
നിലവിൽ സമ്പർക്ക പട്ടികയിൽ 330 പേരാണുള്ളത്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. ഏഴു പേർ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല.
രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സംസ്‌കാരം പ്രോട്ടോകോൾ പാലിച്ച് നടത്തും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകളാണ് ആദ്യം പരിശോധിക്കുക. സമ്പർക്ക പട്ടികയിൽ നിന്നും ആരും വിട്ടുപോയിട്ടില്ലെന്ന കാര്യം വീണ്ടും പരിശോധിച്ച് ഉറപ്പാക്കും. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ കൂടുതൽ വിവരങ്ങളടങ്ങിയതും കൂടുതൽ വ്യക്തതയുമുള്ള റൂട്ട് മാപ്പ് പുറത്തിറക്കും. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർ കൺട്രോൾ റൂമിൽ അറിയിക്കണം. സമ്പർക്കപട്ടികയിൽ ഉൾപ്പെടേണ്ട ആരെയും വിട്ടു പോയിട്ടില്ല എന്നുറപ്പാക്കുന്നതിനായി കുട്ടി ചികിത്സയിലിരുന്ന ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ 307 വീടുകളിൽ ഇന്നലെ (ജൂലൈ 21) ഉച്ചയ്ക്ക് ശേഷം സർവ്വേ നടത്തിയതിൽ 18 പനിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആനക്കയത്ത് 310 വീടുകളിൽ സർവ്വേ യിൽ 10 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു. ഇവരാരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരല്ല.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിനും ഐസൊലേഷനിൽ കഴിയുന്നവർക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി പാണ്ടിക്കാട്, ആനക്കയം, പോരൂർ, കീഴാറ്റൂർ, തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും പെരിന്തൽമണ്ണ, മഞ്ചേരി നഗരസഭാ അധ്യക്ഷരുടെയും യോഗം ഓൺലൈനായി ചേർന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് എന്നിവരുടെ യോഗം ചേർന്ന് നിപ പ്രതിരോധനത്തിൽ ഇവരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഐസൊലേഷനിൽ കഴിയുന്നവരുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ വളർത്തു മൃഗങ്ങൾക്കും ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പാക്കിയിട്ടുണ്ട്.. [mid5]
സ്രവ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് നാളെ (ജൂലൈ 22) എത്തും. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിന്റെ സഹകരണത്തോടെ ഈ ലാബ് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. [mid6]