ഗര്‍ഭപാത്രം നീക്കം ചെയ്ത കാര്യം അറിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകുമ്പോള്‍; പ്രസവത്തെ തുടര്‍ന്ന് മരിച്ച വട്ടോളി സ്വദേശി ദിബിഷയ്ക്ക് ഒരാണ്ടിനിപ്പുറവും നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍



കക്കട്ടില്‍:
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ വട്ടോളി സ്വദേശി ദിബിഷയുടെ വേര്‍പാടിന് ഒരാണ്ട് തികയുമ്പോഴും നീതി ലഭിച്ചില്ലെന്ന് കുടുംബം. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദിബിഷയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആശുപത്രിയ്‌ക്കെതിരെ നടപടിയുണ്ടാവാത്തതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്.

ദിബിഷയുടെ ഗര്‍ഭപാത്രം തങ്ങളുടെ സമ്മതമില്ലാതെ നീക്കം ചെയ്തതായും ഈ കാര്യം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കൊണ്ടുപോകുമ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. കായക്കൂലിലെ അനീഷിന്റെ ഭാര്യയാണ് ദിബിഷ. പ്രവാസിയായിരുന്ന അനീഷ് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ നോക്കാന്‍വേണ്ടി നാട്ടില്‍ തന്നെ കഴിയുകയാണിപ്പോള്‍. ദിബിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ക്കിട്ടിയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി പറഞ്ഞത്. കുറ്റ്യാടി എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 28നാണ് കോഴിക്കോട്ടെ സ്വകാര്യ ആആശുപത്രിയില്‍വെച്ച് ദിബിഷ മരണപ്പെടുന്നത്. സിസേറിയന്‍ വഴി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ദിബിഷയുടെ വിയോഗം.

ഉച്ചക്ക് ഒന്നരയോടെ സിസേറിയന്‍ കഴിയുകയും തുടര്‍ന്ന് രണ്ടേമുക്കാലോടെ ആദ്യമായി മുലപ്പാല്‍ നല്‍കാനായി ദിബിഷയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയും ചെയ്തിരുന്നു. വൈകിട്ടോടെയാണ് ദിബിഷ മരണത്തിന് കീഴടങ്ങിയത്. ആശുപത്രി അധികൃതര്‍ക്കും ദിബിഷയെ പരിചരിച്ച ഡോക്ടര്‍ക്കും മാത്രമാണ് മരണത്തെക്കുറിച്ച് അറിയാവുന്നതെന്നാണ്് ബന്ധുക്കള്‍ പറയുന്നത്.