കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ആഗസ്റ്റ് മൂന്ന് നാല് തിയ്യതികളില്‍ റെഡ് അലര്‍ട്ട്; മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം
കോഴിക്കോട്: കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ആഗസ്റ്റ് മൂന്ന് നാല് തിയ്യതികളില്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
അടുത്ത നാലുദിവസം മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ജില്ലയില്‍ വരുംദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നു.
അടുത്ത നാലുദിവസത്തേക്ക് ക്വാറികള്‍ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ലഭ്യമായ ക്വാറി ഉല്പന്നങ്ങള്‍ നീക്കുന്നതിന് തടസമില്ല.
വെള്ളച്ചാട്ടങ്ങളും നദീതീരവുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടും. ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവരങ്ങള്‍ക്ക്: താമരശേരി: 0495-2223088, കൊയിലാണ്ടി: 0496-2620235, വടകര: 0496-2522361, കോിക്കോട്: 0495-2372966.