കക്കയം ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ ഉയർത്താൻ സാധ്യത, കുറ്റ്യാടി പുഴയോരത്തുളളവർക്ക് ജാഗ്രതാ നിർദേശം


കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 757.50 മീറ്ററായാണ് ഇപ്പോൾ ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും.

ഡാമിൻ്റെ ഷട്ടർ ഘട്ടംഘട്ടമായി ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.